Connect with us

Articles

യൂറോപ്പിലെ ടീമുകള്‍ക്ക് കിരീട സാധ്യതയില്ല: ബല്ലാക്ക്‌

Published

|

Last Updated

ജര്‍മന്‍ ഫുട്‌ബോളില്‍ ഇതിഹാസ താരങ്ങളുടെ നിരയിലാണ് മൈക്കല്‍ ബല്ലാക്ക് എന്ന മുന്‍ മിഡ്ഫീല്‍ഡറുടെ സ്ഥാനം. മൂന്ന് തവണ ജര്‍മന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായ ബല്ലാക്ക് ബ്രസീല്‍ സോക്കര്‍ ഇതിഹാസം പെലെ തിരഞ്ഞെടുത്ത 125 മികച്ച കളിക്കാരിലൊരാളാണ്. 2002 കൊറിയ/ജപ്പാന്‍ ലോകകപ്പില്‍ ജര്‍മനിയെ റണ്ണേഴ്‌സപ്പാക്കി. 2006 ല്‍ ജര്‍മനി മൂന്നാം സ്ഥാനം നേടുമ്പോഴും ബല്ലാക്ക് ടീമിലുണ്ടായിരുന്നു. 2008 യൂറോ കപ്പ് ഫൈനലിലും ബല്ലാക്കിന്റെ ടീം വീണു. നഷ്ടങ്ങളുടെ കണക്കിലും ബല്ലാക്ക് എന്ന താരം ലോകഫുട്‌ബോളില്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഇത്തവണ, ലോകകപ്പിനെത്തുന്നത് ഇ എസ് പി എന്‍ ചാനലിന്റെ ഫുട്‌ബോള്‍ പണ്ഡിറ്റായാണ്. ചില ലോകകപ്പ് വിചാരങ്ങളുമായി ബല്ലാക്ക് മനസ് തുറക്കുന്നു…

2012 ഒക്‌ടോബറിലാണ് വിരമിച്ചത്. ലോകകപ്പ് എത്ര മാത്രം നഷ്ടബോധമുണര്‍ത്തുന്നു?
വലിയ പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണത്. ദീര്‍ഘകാലം ഫുട്‌ബോള്‍ കളിച്ച ഒരാള്‍ക്ക് അതില്‍ നിന്ന് വിട്ടുപോകുവാനുള്ള തീരുമാനം കടുത്തതാകും. ഒരു രാത്രികൊണ്ടൊന്നും അത് ശരിയാകില്ല. കുറച്ചധികം സമയമെടുക്കുമെന്ന് അറിയാമായിരുന്നു. പതിയെ യാഥാര്‍ഥ്യത്തിലേക്ക് വന്നു. മനസ് പരുവപ്പെട്ടു. ഇപ്പോള്‍ എല്ലാം ശരിയായി.

ബ്രസീല്‍ ലോകകപ്പിനെ എങ്ങനെ നോക്കിക്കാണുന്നു, പ്രത്യേകിച്ച് ഫുട്‌ബോള്‍ ഭ്രാന്തുള്ള രാജ്യമെന്ന നിലക്ക് ?
ബ്രസീല്‍ ലോകകപ്പ് ഒരു സംഭവമായിരിക്കും. അവിടെ ഫുട്‌ബോള്‍ മാത്രമാണ് ശ്വസിക്കാന്‍ സാധിക്കുക. ബ്രസീലിലെത്തുന്ന ഓരോ ആള്‍ക്കും ലോകകപ്പ് വലിയ അനുഭവമായി മാറും. ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന ജനതയാണ് ബ്രസീലിലുള്ളത്. അവര്‍ക്കത് വികാരമാണ്. ഫുട്‌ബോളിന് വേണ്ടി ജീവിക്കുന്ന മറ്റൊരു ജനത ലോകത്ത് മറ്റൊരിടത്തുമുണ്ടാകില്ല.

2006 ല്‍ സ്വന്തം നാട്ടില്‍ ദേശീയ ടീമിനെ നയിച്ച താരമാണ് താങ്കള്‍. ഒരു താരമെന്ന നിലക്ക് ഹോംഗ്രൗണ്ടിലെ ലോകകപ്പ് അനുഭവം?
അത് വ്യക്തിഗതമാണ്. ഓരോ താരത്തിലും വ്യത്യസ്തമായിരിക്കും. ആദ്യമായിട്ടാകും ആ ടീമിലെ കളിക്കാര്‍ നാട്ടില്‍ ലോകകപ്പ് കളിക്കുന്നത്. ബ്രസീല്‍ ടീമിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സീസണില്‍ മികച്ച ഫോമില്‍ കളിച്ച താരങ്ങളാണ് സ്‌കൊളാരിയുടെ ടീമിലുള്ളത്. പ്രതീക്ഷകളുടെ ഭാരം അവരിലുണ്ടാകും. അതവര്‍ ഏത് രീതിയില്‍ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാനം. മികച്ച പ്രകടനം പുറത്തെടുക്കാന്‍ വേണ്ടി കൂടുതല്‍ ഏകാഗ്രതയോടെ തയ്യാറെടുക്കണം. ചിലര്‍ക്കതിന് സാധിക്കും. ചിലരതില്‍ പരാജയപ്പെടും. നാടിന്റെ ആവേശം തന്നിലേക്കാവേശിക്കാന്‍ കളിക്കാര്‍ക്ക് സാധിച്ചാല്‍ ഗ്രൗണ്ടിലത് ഗുണം ചെയ്യുമെന്നാണ് തോന്നുന്നത്.

ബ്രസീല്‍ ലോകകപ്പ് നേടുമോ?
തീര്‍ച്ചയായും. എല്ലാവരും ബ്രസീലില്‍ പ്രതീക്ഷ വെക്കുന്നുണ്ട്. കോണ്‍ഫെഡറേഷന്‍ കപ്പ് ജയത്തോടെ അവര്‍ ടീം എന്ന നിലയില്‍ മികവറിയിച്ചതാണ്. നാട്ടില്‍ കളിക്കുന്നത് സമ്മര്‍ദമല്ല, ആവേശമാണെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.

ജര്‍മനിയും ഫേവറിറ്റ് ടീമാണ്. എന്താണ് അഭിപ്രായം?
ലാറ്റിനമേരിക്കയിലെ സാഹചര്യത്തില്‍ യൂറോപ്യന്‍ ടീമുകള്‍ക്ക് കപ്പ് നേടുക ദുഷ്‌കരമായിരിക്കും. സ്‌പെയിനും ജര്‍മനിയുമൊക്കെ മികച്ച ടീമുകളാണ്. പ്രതികൂല സാഹചര്യങ്ങളോട് അവര്‍ പടവെട്ടുന്നത് കാണാനിരിക്കുകയാണ്. ജര്‍മനി മറ്റേതൊരു യൂറോപ്യന്‍ ടീമിനേക്കാളും ഉയര്‍ന്ന തലത്തിലാണ്. സെമിയിലെത്താന്‍ പ്രയാസമുണ്ടാകില്ല. അവസരോചിതമായി പെരുമാറിയാല്‍ ജര്‍മനി കിരീടമുയര്‍ത്തുക തന്നെ ചെയ്യും.

ജര്‍മനിയുടെ ഗ്രൂപ്പ് എതിരാളികളെ കുറിച്ച്?
ഘാന, പോര്‍ച്ചുഗല്‍, യു എസ് എ മികച്ച ടീമുകളാണ്. ജര്‍മനിക്ക് ഗ്രൂപ്പ് റൗണ്ട് എളുപ്പമല്ല. യൂറോപ്പിലെ കരുത്തുറ്റ നിരയാണ് പോര്‍ച്ചുഗല്‍. അതു പോലെ ഘാന ആഫ്രിക്കയിലെയും. യുര്‍ഗന്‍ ക്ലിസ്മാന് കീഴില്‍ അമേരിക്കയും ഏറെ പുരോഗതി കൈവരിച്ചു.

ലോകകപ്പിലെ ഫേവറിറ്റുകള്‍ ആരൊക്കെ?
കഴിഞ്ഞ ടൂര്‍ണമെന്റുകളില്‍ മികച്ചു നിന്നവര്‍ക്ക് ഇത്തവണയും സാധ്യതയുണ്ട്. സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് ടീമുകളെല്ലാം മികച്ചതാണ്. ലാറ്റിനമേരിക്കയില്‍ നിന്ന് അര്‍ജന്റീന, ചിലി ടീമുകളും അതിശയിപ്പിച്ചേക്കും.

2002 ലോകകപ്പ് ഫൈനലില്‍ സസ്‌പെന്‍ഷന്‍ കാരണം കളിക്കാന്‍ സാധിച്ചില്ല. സെമിഫൈനലില്‍ മഞ്ഞക്കാര്‍ഡ് കാണിച്ച റഫറിയോട് തോന്നിയ വികാരം?
വലിയ നിരാശ തോന്നിയ സന്ദര്‍ഭമായിരുന്നു അത്. ഒപ്പമുള്ളവരെല്ലാം ഫൈനല്‍ കളിക്കുമ്പോള്‍ കാഴ്ചക്കാരനായി മാറി നില്‍ക്കേണ്ടുന്ന അവസ്ഥ ഏതൊരു താരത്തെയും മാനസികമായി തകര്‍ക്കും. പ്രൊഫഷണല്‍ താരമെന്ന നിലക്ക് ഞാനതുള്‍ക്കൊള്ളേണ്ടതുണ്ടായിരുന്നു.