തുറാമിന്റെ പിന്‍ഗാമി

Posted on: May 22, 2014 12:26 am | Last updated: May 22, 2014 at 12:26 am

ഫ്രഞ്ച് ഫുട്‌ബോളില്‍ ലിലിയന്‍ തുറാം എന്ന ഡിഫന്‍ഡറുടെ സ്ഥാനം ഉന്നതങ്ങളിലാണ്. 1998 ലോകകപ്പില്‍ ഫ്രാന്‍സ് ലോകകപ്പില്‍ മുത്തമിട്ടപ്പോഴായിരുന്നു തുറാം എന്ന പ്രതിരോധ ഭടന്‍ ലോകശ്രദ്ധയിലെത്തിയത്. തുറാമിന് ശേഷം ആരെന്ന ചോദ്യത്തിന് ഇക്കാലമത്രയും ഫ്രാന്‍സിന് മറുപടിയില്ലായിരുന്നു. ബ്രസീല്‍ ലോകകപ്പിനൊരുങ്ങുന്ന ദിദിയര്‍ ദെഷാംസിന്റെ ഫ്രഞ്ച് നിരയില്‍ അതിനുള്ള ഉത്തരമുണ്ട്- മമദൊ സാഖോ.
ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെ സെന്റര്‍ ബാക്ക്. കായബലം കൊണ്ടും സാങ്കേതിക തികവു കൊണ്ടും ലോകഫുട്‌ബോളിലെ എണ്ണപ്പെട്ട ഡിഫന്‍ഡറായി മാറിക്കൊണ്ടിരിക്കുന്നു ഈ ഇരുപത്തിനാലുകാരന്‍. ലിലിയന്‍ തുറാമിന്റെ പിന്‍ഗാമിയെന്ന വിശേഷണം ഇതിനകം മമദോ സാഖോവിന് ലഭിച്ചു കഴിഞ്ഞു. സാഖോയുടെ ഇഷ്ടതാരവും തുറാം തന്നെ. സ്വന്തം മണ്ണില്‍ ദിദിയര്‍ ദെഷാസും സിദാനും തുറാമും അടങ്ങുന്ന ഫ്രാന്‍സിന്റെ ഡ്രീം ടീം ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ സാഖോവിന് പ്രായം എട്ട് വയസ്. അന്ന് സാഖോവിനെ ഏറെ ആകര്‍ഷിച്ചത് പ്രതിരോധത്തില്‍ ഗോളി ഫാബിയന്‍ ബര്‍തേസിന് മുന്നില്‍ കീഴടങ്ങാത്ത മനസ്സുമായി പൊരുതി നിന്ന തുറാമും ദിസെയ്‌ലിയുമായിരുന്നു.
മമദോ സാഖോവിന് പ്രചോദനമേകിയ മറ്റൊരു താരം ഐവറികോസ്റ്റ് സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബയാണ്. ആഫ്രിക്കയുടെ വന്യത മുഴുവന്‍ പ്രകടമാക്കുന്ന ശരീരഭാഷ കൊണ്ട് യൂറോപ്പ് കീഴടക്കിയവനാണ് ദ്രോഗ്ബ. സാഖോവിനെ അതിശയിപ്പിച്ച താരമാണ് ദ്രോഗ്ബ. അതുകൊണ്ടു തന്നെ, ദ്രോഗ്ബയെ പോലെ ഗോളടിക്കുക എന്നതും സാഖോവിന്റെ സ്വപ്‌നമാണ്; ലക്ഷ്യമാണ്. ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫില്‍ ഉക്രൈനെതിരെ ഫ്രാന്‍സ് അസാധ്യമെന്ന് കരുതിയ ജയം സ്വന്തമാക്കിയതിന് സാഖോവിന് സ്തുതി ചൊല്ലണം. ഡിഫന്‍ഡറുടെ റോളില്‍ നിന്ന് സ്‌ട്രൈക്കറുടെ പരിവേഷം സ്വീകരിച്ച രണ്ട് ഗോളുകള്‍ ഫ്രാന്‍സിന് ലോകകപ്പ് ടിക്കറ്റുറപ്പാക്കി.
ബ്രസീലില്‍ ഫ്രാന്‍സിന് വലിയ സാധ്യതയുണ്ടെന്ന് സാഖോ പറയുന്നു. ഫ്രഞ്ച് നിരയിലെ കളിക്കാര്‍ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിലുള്ളവരാണ്. ബയേണ്‍ മ്യൂണിക്, റയല്‍മാഡ്രിഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ജുവെന്റസ്, ആഴ്‌സണല്‍ എന്നീ ക്ലബ്ബുകളിലെ സ്ഥിരം കളിക്കാരാണ് ഫ്രഞ്ച് ലൈനപ്പിലുള്ളതെന്ന് സാഖോ ചൂണ്ടിക്കാട്ടുന്നു.
ആഫ്രിക്കന്‍ രാഷ്ട്രമായ സെനഗലില്‍ നിന്ന് കുടിയേറിയവരാണ് സാഖോയുടെ കുടുംബം. ഏഴ് മക്കളില്‍ നാലാമന്‍. പാരിസിലായിരുന്നു ജനനം. ആറാം വയസില്‍ പന്തിന് പിറകെ ഓടിത്തുടങ്ങി. പാരിസ് എഫ് സിയായിരുന്നു ആദ്യ ക്ലബ്ബ്. 2002 ല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയ്‌നില്‍ ചേര്‍ന്നു. സ്‌ട്രൈക്കറായിട്ടായിരുന്നു തുടക്കം. എന്നാല്‍, ഡിഫന്‍സിലാണ് സാഖോയുടെ ഭാവിയെന്ന് പി എസ് ജി യൂത്ത് ടീം കോച്ച് ക്രിസ്റ്റ്യന്‍ മാസ് തിരിച്ചറിഞ്ഞു.
പിതാവിന്റെ മരണം പതിനാലുകാരനായ സാഖോവിനെ മാനസികമായി തകര്‍ത്തു. ഫുട്‌ബോള്‍ മതിയാക്കാനായിരുന്നു തീരുമാനം. പക്ഷേ, ചെറിയ ഇടവേളക്ക് ശേഷം പി എസ് ജിയില്‍ തിരിച്ചെത്തിയ സാഖോ യൂത്ത് അക്കാദമിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. പതിനേഴാം വയസില്‍ സീനിയര്‍ ടീമിനായി അരങ്ങേറി. 2007 ഫെബ്രുവരി 14ന.് യുവേഫ കപ്പിനുള്ള പി എസ് ജി നിരയിലേക്ക് കോച്ച് പോള്‍ ലെ ഗുന്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എ ഇ കെ ആതന്‍സിനെതിരെ ആദ്യ ലൈനപ്പില്‍ കളിച്ചു കൊണ്ടായിരുന്നു അരങ്ങേറ്റം.
ഫ്രഞ്ച് വണ്‍ ലീഗില്‍ പി എസ് ജിക്കായി സെന്റര്‍ ബാക്കില്‍ അരങ്ങേറിയത് കൊളംബിയയുടെ പരിചയ സമ്പന്നനായ ഡിഫന്‍ഡര്‍ മരിയോ യെപെസിനൊപ്പം. ചെറിയ പ്രായമെങ്കിലും നേതൃത്വ പാടവത്തിലും പക്വതയിലും സാഖോ വിസ്മയിപ്പിച്ചു. പതിനേഴ് വര്‍ഷവും എട്ട് മാസവും പ്രായമുള്ളപ്പോള്‍ സാഖോ പി എസ് ജിയുടെ താത്കാലിക ക്യാപ്റ്റനായി. ക്ലബ്ബിന്റെയും ലീഗിലെയും എക്കാലത്തേയും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് സാഖോക്ക് സ്വന്തം. 2007 ല്‍ പതിനാറ് മത്സരങ്ങളിലും 2008 ല്‍ 34 മത്സരങ്ങളിലും പി എസ് ജിക്കായി കളിച്ച സാഖോക്ക് 2009 ല്‍ പുതിയ കരാര്‍ ലഭിച്ചു. 2011-12 സീസണില്‍ പി എസ് ജി കോച്ച് കംബോറെ നായക സ്ഥാനത്തേക്ക് സാഖോവിനെ കൊണ്ടു വന്നു. അധികം നീണ്ടില്ല കംബോറ പുറത്തായി കാര്‍ലോ ആഞ്ചലോട്ടി വന്നതോടെ സാഖോവിന് ക്യാപ്റ്റന്‍ സ്ഥാനവും സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലെ സ്ഥാനവും നഷ്ടമായി. ആഞ്ചലോട്ടിയുമായി ഇടഞ്ഞാണ് സാഖോ ലിവര്‍പൂളിലേക്ക് ചേക്കേറുന്നത്.
2010 ആഗസ്റ്റ് അഞ്ചിന് മമദോ സാഖോ ആദ്യമായി ഫ്രാന്‍സ് ദേശീയ ടീമിലേക്ക് ക്ഷണിക്കപ്പെട്ടു. കോച്ച് ലോറന്റ് ബ്ലാങ്കായിരുന്നു സാഖോക്ക് അവസരം നല്‍കിയത്. ആഗസ്റ്റ് പതിനൊന്നിന് നോര്‍വെക്കെതിരായ മത്സരത്തില്‍ ബെഞ്ചിലിക്കാനായിരുന്നു യോഗം. നവംബര്‍ പതിനേഴിന് വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ചു. ഫിലിപ് മെക്‌സെസിന്റെ പകരക്കാരനായിട്ട്.
സാഖോയുടെ ആദ്യ രാജ്യാന്തര ഗോള്‍ 2013 നവംബര്‍ 19ന് ഉക്രൈനെതിരെ ലോകകപ്പ് പ്ലേ ഓഫിന്റെ രണ്ടാം പാദത്തില്‍. ഫ്രാന്‍സിന് 3-0ന് ജയം അനിവാര്യമായിരുന്നപ്പോഴാണ് സാഖോ ഇരട്ട ഗോളുകള്‍ നേടി ഹീറോ ആയത്.