മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം മന്ത്രിസഭ റദ്ദാക്കി

Posted on: May 22, 2014 12:25 am | Last updated: May 22, 2014 at 12:25 am

തിരുവനന്തപുരം: ഫഌറ്റ് നിര്‍മിക്കാന്‍ റിയല്‍ എസ്റ്റേറ്റ് ലോബിയുടെ സഹായത്തോടെ പൊളിച്ചു മാറ്റിയ കോഴിക്കോട് മലാപ്പറമ്പ് എ യു പി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം റദ്ദാക്കി. സ്‌കൂള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലാണ് ഉടമ ജെ സി ബി ഉപയോഗിച്ച് സ്‌കൂള്‍ പൊളിച്ചു നീക്കിയത്. സംഭവത്തില്‍ മാനേജരുടെ സഹോദരനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം തന്നെ നാട്ടുകാര്‍ കോഴിക്കോട്- വയനാട് ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയ വത്യാസമില്ലാതെ നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടതനുസരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചത്.

നാട്ടുകാരുടെ സഹായത്തോടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. നടത്തിക്കൊണ്ടുപോകുന്നത് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് നേരത്തെ ശ്രമിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് 53 കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മാനേജ്‌മെന്റ് സര്‍ക്കാറിനെ സമീപിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിരുന്നു. ഇതാണ് മന്ത്രിസഭാ യോഗം ഇന്നലെ റദ്ദാക്കിയത്.
ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ സ്‌കൂളുകള്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തില്‍ അധിക ബാച്ചുകള്‍ അനുവദിക്കുന്നതിന് ഇനിയും പുതുതായി അപേക്ഷ ക്ഷണിക്കും. നിലവില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നാണ് 189 ബാച്ചുകള്‍ അനുവദിക്കാനുള്ള നിര്‍ദേശം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മന്ത്രിസഭാ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ പഞ്ചായത്തുകളിലും പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ആവശ്യാനുസരണം അധിക ബാച്ചുകളും അനുവദിക്കാനായിരുന്നു നേരത്തെയുണ്ടായ ധാരണ. ഇതനുസരിച്ച് എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നാണ് അധിക ബാച്ചിന് അപേക്ഷകള്‍ ക്ഷണിച്ചത്.
പുതിയ സ്‌കൂളുകള്‍ ഈ അധ്യയന വര്‍ഷം തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ച സാഹചര്യത്തി ല്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ക്കു കൂടി അവസരം ലഭിക്കാനാണ് വീണ്ടും അപേക്ഷ ക്ഷണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 26നാണ് പ്ലസ്ടുവിന്റെ പ്രവേശന നടപടികള്‍ ആരംഭിക്കുന്നത്. ഇതിന് മുമ്പ് നിലവിലുള്ള അപേക്ഷകളില്‍ നടപടിക്രമങ്ങ ള്‍ പൂര്‍ത്തീകരിക്കും. ഇപ്പോള്‍ ധാരണയിലെത്തിയിരിക്കുന്ന 189 ബാച്ചുകളില്‍ 66 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളിലും 123 എണ്ണം കോര്‍പറേറ്റ്, വ്യക്തിഗത മാനേജ്‌മെന്റുകള്‍ക്കും കീഴിലുള്ളവയാണ്.