‘യു ഡി എഫ് വിജയം ഭരണത്തിനുള്ള വോട്ടല്ല’

Posted on: May 22, 2014 12:16 am | Last updated: May 22, 2014 at 12:16 am

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് നേടിയ വിജയം ഭരണത്തിനുള്ള വോട്ടല്ലെന്നും വര്‍ഗീയ ധ്രുവീകരണത്തിനെതിരെയുള്ള വോട്ടാണെന്നും സി എം പി അരവിന്ദാക്ഷന്‍ വിഭാഗം. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും കെ ആര്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കു ധൃതിയില്ല. ഇടതു ജനാധിപത്യ കക്ഷികള്‍ ശക്തമാകേണ്ടതിന്റെയും വിശാലതലത്തില്‍ ഒന്നിക്കേണ്ടതിന്റെയും ആവശ്യകതയാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. മോദിഭയം സൃഷ്ടിച്ച് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ നടത്തിയ നീക്കങ്ങളാണ് യു ഡി എഫിന്റെ മുന്നേറ്റത്തിനു പിറകിലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പു ഫലവും തുടര്‍ന്നുള്ള പൊതുരാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറി എം കെ കണ്ണന്‍, പോളിറ്റ്ബ്യൂറോ അംഗങ്ങളായ ജി സുഗുണന്‍, ടി സി എച്ച് വിജയന്‍, എം എച്ച് ഷാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.