Connect with us

Ongoing News

കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കോര്‍പറേറ്റ് പ്രീണന നയം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ യു പി എക്ക് ഏറ്റ തിരിച്ചടി കേരള സര്‍ക്കാറിനുള്ള താക്കീതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാധാരണക്കാരായ ജനങ്ങളെ മറന്നാല്‍ ഇതായിരിക്കും ഫലമെന്നാണ് ജനവിധി തെളിയിക്കുന്നത്. ഇത് കേരള സര്‍ക്കാറിനുള്ള മുന്നറിയിപ്പാണ്. തിരുവനന്തപുരം കെ പി സി സി ആസ്ഥാനത്ത് രാജീവ് ഗാന്ധി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്‍കിട പദ്ധതികളേക്കാള്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടത്. മന്‍മോഹന്‍ സര്‍ക്കാറിന്റെ കാലത്തുണ്ടായ പല ജനവിരുദ്ധ നയങ്ങളും തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. മാസത്തില്‍ മൂന്ന് തവണ വെച്ച് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചാല്‍ ജനങ്ങള്‍ സഹിച്ചെന്ന് വരില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കേരളം കൈക്കൊണ്ട ആശ്വാസ നടപടികളാണ് കേരളത്തില്‍ യു ഡി എഫിനെ തുണച്ചത്. യു പി എ സര്‍ക്കാര്‍ ജനങ്ങളെ മറന്ന് സഹായിച്ച കോര്‍പറേറ്റുകളെല്ലാം ഇപ്പോള്‍ മോദിയുടെ കൂടെയാണ്. എന്നാല്‍ പാര്‍ട്ടിയെ പിന്തുണക്കേണ്ടത് ജനങ്ങളാണ്. അതുകൊണ്ട് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സ്വീകരിച്ച എല്ലാ നടപടികളും പുനഃപരിശോധിക്കണം. അധികാരത്തിലിരിക്കുമ്പോള്‍ പലരും ജനങ്ങളെ മറന്നുപോകും. അപ്പോഴാണ് ഇത്തരം നടപടികളെടുക്കുന്നത്. അധികാരത്തിന്റെ മത്തില്‍ കോണ്‍ഗ്രസ് അതിന്റെ മനുഷ്യമുഖം മറന്നുപോയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എല്ലാ കാലത്തും പാര്‍ട്ടിക്ക് പൂവിരിച്ച പാതയുണ്ടായിരിക്കുമെന്ന് കരുതരുതെന്നും കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ വളരെയേറെ പ്രയത്‌നിക്കേണ്ടിവരുമെന്നും ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ അധ്യക്ഷത വഹിച്ചു. തെന്നല ബാലകൃഷ്ണ പിള്ള, എം എം ഹസന്‍, മന്ത്രി ശിവകുമാര്‍, ഡി സി സി അധ്യക്ഷന്‍ പി മോഹന്‍ കുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, തലേക്കുന്നില്‍ ബഷീര്‍, വര്‍ക്കല കഹാര്‍ എം എല്‍ എ പങ്കെടുത്തു.