ഉറുദു തുണച്ചു; ഹാട്രിക് നേട്ടവുമായി ഫതഹുര്‍റഹ്മാന്‍

Posted on: May 22, 2014 12:15 am | Last updated: May 22, 2014 at 12:15 am

മലപ്പുറം: ഉറുദുവില്‍ കഴിവ് തെളിയിച്ച് തുടര്‍ച്ചയായി മൂന്നാമതും ഫതഹുര്‍റഹ്മാന്‍ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ സര്‍ഗപ്രതിഭയായി. മലപ്പുറത്ത് നടക്കുന്ന ഇന്റര്‍സോണ്‍ കോലോത്സവത്തില്‍ ഉറുദു കഥ, കവിത, ഉപന്യാസം എന്നിവയില്‍ ഒന്നാം സ്ഥാനവും അറബിക് കഥ, ഉറുദു ഉപന്യാസം എന്നിവയില്‍ രണ്ടാം സ്ഥാനവും നേടി 21 പോയിന്റ് നേടിയാണ് സര്‍ഗപ്രതിഭാ പട്ടം സ്വന്തമാക്കിയത്.
ഫാറൂഖ് കോളജിലെ എം കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഫതഹുര്‍റഹ്മാന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി മത്സര രംഗത്ത് വരുന്നത്. എസ് എസ് എല്‍ സിയും പ്ലസ്ടുവും ഓപണ്‍ സ്‌കൂള്‍ വഴിയാണ് ഫതഹുര്‍റഹ്മാന്‍ പരീക്ഷ എഴുതിയത്. അതിനാല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനായില്ല.
ഭാഷാ പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കാപ്പാട് കെ കെ എം അക്കാദമിയിലായിരുന്നു പഠനം. അവിടെ നിന്ന് അറബിക്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. ഡിഗ്രി ആദ്യ വര്‍ഷമാണ് ആദ്യമായി മത്സര രംഗത്ത് വരുന്നത്. നാല് അറബിക് ഇനങ്ങളിലും ഉറുദു ഉപന്യാസ മത്സരത്തിലുമാണ് ആദ്യ വര്‍ഷം പങ്കെടുത്തത്. ഇതില്‍ ഉറുദു ഉപന്യാസത്തില്‍ ഇന്റര്‍സോണില്‍ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് ഫതഹുര്‍റഹ്മാന്‍ ഉറുദു മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഇന്റര്‍സോണ്‍ സര്‍ഗപ്രതിഭയായി. ഇപ്പോള്‍ ഉറുദു തനിക്ക് ആവേശമാണെന്നും എന്നാല്‍ മലയാളം എഴുതാനും വായിക്കാനുമാണ് ഏറെ ഇഷ്ടമെന്നും ഫതഹുര്‍റഹ്മാന്‍ സിറാജിനോട് പറഞ്ഞു.
95 ശതമാനം മാര്‍ക്ക് നേടി ഡിഗ്രി പാസായ ഫതഹുര്‍റഹ്മാന്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ ചേരുകയായിരുന്നു. ഭാവിയില്‍ അധ്യാപക വേഷമണിയണമെന്നാണ് ഫതഹുര്‍റഹ്മാന്റെ ആഗ്രഹം. കോഴിക്കോട് ജില്ലയിലെ സൗത്ത് കൊടുവള്ളി കല്ലുംപിലാക്കല്‍ മുഹമ്മദിന്റെയും ആസിയയുടെയും മകനാണ്.