പരിസ്ഥിതി ദിനത്തില്‍ പത്ത് ലക്ഷം വൃക്ഷത്തൈകള്‍ നടും

Posted on: May 22, 2014 12:14 am | Last updated: May 22, 2014 at 12:14 am

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ഹരിതശ്രീ എന്നപേരില്‍ സാമൂഹിക പാരിസ്ഥിതിക കര്‍മപദ്ധതിക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തുടനീളം അന്ന് 50 ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ച് ഒരുദശലക്ഷം വൃക്ഷത്തൈകള്‍ നടും. നടുന്ന മരത്തൈകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വി എന്‍ രാജശേഖരപിള്ള ചെയര്‍മാനായും ടി പി ശ്രീനിവാസന്‍ വൈസ് ചെയര്‍മാനായും ടാസ്‌ക്‌ഫോഴ്‌സ് രൂപവത്കരിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിന് ജില്ലകളില്‍ നടക്കുന്ന പരിപാടിക്ക് നേതൃത്വം നല്‍കാന്‍ മന്ത്രിമാരെ തീരുമാനിച്ചതായും വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം- പി കെ അബ്ദുര്‍റബ്ബ്, വി എസ് ശിവകുമാര്‍, കൊല്ലം- ഷിബു ബേബിജോണ്‍, പത്തനംതിട്ട- അടൂര്‍ പ്രകാശ്, ആലപ്പുഴ- രമേശ് ചെന്നിത്തല, കോട്ടയം- കെ എം മാണി, ഇടുക്കി- പി ജെ ജോസഫ്, എറണാകുളം- വി കെ ഇബ്രാഹിം കുഞ്ഞ്, കെ ബാബു, തൃശൂര്‍- സി എന്‍ ബാലകൃഷ്ണന്‍, പാലക്കാട്- മഞ്ഞളാംകുഴി അലി, മലപ്പുറം- പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, കോഴിക്കോട്- എം കെ മുനീര്‍, വയനാട്- പി കെ ജയലക്ഷ്മി, കണ്ണൂര്‍- ഉമ്മന്‍ ചാണ്ടി, കെ സി ജോസഫ്, കാസര്‍കോഡ്- കെ പി മോഹനന്‍ എന്നിവരാകും നേതൃത്വം നല്‍കുക.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കുടുംബശ്രീ, എന്‍ സി സി, നാഷനല്‍ സേവിംഗ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍, സേവന സന്നദ്ധ സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പ്രകൃതി സംരക്ഷണ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ ഭാഗമായി ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി 27ന് യോഗം ചേരും. വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ എത്തിക്കും. സംസ്ഥാനത്തിന്റെ ഹരിത ആവരണത്തെ ശക്തിപ്പെടുത്തുക, ജലസ്രോതസ്സുകളെ ശുചീകരിക്കുക, ശാസ്ത്രീയവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ്‌കരണം പരിപോഷിപ്പിക്കുക, പരിസ്ഥിതിയെ കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കുക തുടങ്ങിയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.
കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കര്‍ഷകദ്രോഹം പാടില്ലെന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളത്. കേന്ദ്ര ഭരണം മാറിയെന്നതു കൊണ്ടു നിലപാടുകള്‍ മാറില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാടുകള്‍ അനുസരിച്ചാവും സംസ്ഥാന സര്‍ക്കാറിന്റെ പ്രതികരണം ഉണ്ടാകുകയെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.