Connect with us

National

പോരാട്ടത്തിന് തയ്യാര്‍: രാഹുല്‍

Published

|

Last Updated

അമേഠി: “ഇത് പോരാടേണ്ട സമയമാണ്. ഞങ്ങള്‍ അതിന് തയ്യാര്‍” -കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടേതാണ് ഈ സന്ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് ശേഷം ജനങ്ങളോട് നന്ദി പറയാന്‍ ബുധനാഴ്ച തന്റെ സ്വന്തം മണ്ഡലത്തിലെത്തിയതായിരുന്നു രാഹുല്‍. സഹോദരി പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. 80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് നേടാനായത് രാഹുലിന്റെ അമേഠിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും മാത്രമാണ്. ഗൗരിഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ച രാഹുല്‍ പിന്നീട് പത്രലേഖകരെ കണ്ടു. “യു പിയില്‍ കോണ്‍ഗ്രസിന് ഇത് നല്ല ദിനങ്ങളല്ലെങ്കിലും അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങള്‍ പാര്‍ട്ടിയില്‍ വിശ്വാസം കാണിച്ചു. ഇതിന് ഞാന്‍ അവരോട് നന്ദി പറയുന്നു.” -വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു. “ഇനി പോരാട്ടത്തിന്റെ സമയമാണ്…. ഞങ്ങള്‍ പോരാടും- രാഹുല്‍ കട്ടിച്ചേര്‍ത്തു.
രാഹുലിന്റെ ഭൂരിപക്ഷം കുറഞ്ഞത് വിലയിരുത്തണമെന്ന് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. രാഹുലിന് വേണ്ടി മണ്ഡലത്തിലെ പ്രചാരണത്തിന്റെ ചുമതല പ്രിയങ്കക്കായിരുന്നു. ഇങ്ങനെയൊരു വിലയിരുത്തലിനായി ഒരാഴ്ചക്ക് ശേഷം താന്‍ വീണ്ടും വരുമെന്ന് പ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ യോഗം ചേരുമെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. പൊതുജന താത്പര്യത്തിനെതിരായി എന്തെങ്കിലും നടപടി ഉണ്ടായാല്‍ പാര്‍ട്ടി അതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞതായി യോഗത്തില്‍ സംബന്ധിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ വിജയിച്ചത് 3.70 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അത് ഇത്തവണ 1.07 ലക്ഷമായി ഇടിഞ്ഞു. ബി ജെ പിയുടെ സ്മൃതി ഇറാനിയായിരുന്നു രാഹുലിന്റെ തൊട്ടടുത്തുള്ള എതിര്‍ സ്ഥാനാര്‍ഥി.
“അമേഠിയിലെ ജനങ്ങള്‍ ഞങ്ങളുടെ മാനംകാത്തു.ഞങ്ങള്‍ അതിന് നന്ദി പറയുന്നു.”- പ്രിയങ്ക പറഞ്ഞു. രാഹുലും പ്രിയങ്കയും തങ്ങളുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഫോട്ടോയില്‍ ഹാരമണിയിച്ച് ആദരാഞ്ജലികളര്‍പ്പിച്ചാണ് പാര്‍ട്ടി ഓഫീസിലെ പരിപാടികളില്‍ പങ്കെടുത്തത്.