മോദിക്ക് വഗേലയുടെ പ്രശംസയും പരിഹാസവും

Posted on: May 22, 2014 12:02 am | Last updated: May 22, 2014 at 12:09 am

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള നരേന്ദ്ര മോദിയുടെ വിടവാങ്ങല്‍ ചടങ്ങില്‍ പരിഹാസവും പുകഴ്ത്തലുമായി പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍ സിംഗ് വഗേല. ചടങ്ങിനു ശേഷം തന്നെ ആശ്ലേഷിക്കാനെത്തിയ മോദിയോട് വഗേല പറഞ്ഞു: ‘അങ്ങേക്കിപ്പോള്‍ ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയിരിക്കുകയാണ്. അഡ്വാനിയുടെ കാലത്തെ എന്‍ ഡി എ പോലല്ല. ഇനി വാഗ്ദാനങ്ങള്‍ ഒന്നായി നടപ്പാക്കണം. ഒരു തടസ്സവുമില്ലല്ലോ. എത്രയും പെട്ടെന്ന് രാമക്ഷേത്രം പണിയണം. കാശ്മീരിലെ പണ്ഡിറ്റുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഗുജറാത്തിന് കേന്ദ്ര ഫണ്ട് കിട്ടിയില്ലെന്ന് ഇനി വിലപിക്കേണ്ടതില്ലല്ലോ. എല്ലാം അങ്ങ് തന്നെയാണ് അനുവദിക്കേണ്ടത്. വിലക്കയറ്റവും പെട്ടെന്ന് അവസാനിപ്പിക്കണം’
ഗുജറാത്തില്‍ നിന്നും ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായ മൊറാര്‍ജി ദേശായിയും നരേന്ദ്ര മോദിയും തമ്മില്‍ ചില സാമ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പേര്‍ക്കും ഗോധ്രയുമായി ബന്ധമുണ്ട്. 1927 ല്‍ ദേശായി ഗോധ്രയില്‍ ഡെപ്യൂട്ടി കലക്ടറായിരിക്കുമ്പോള്‍ കലാപമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം സ്ഥലം മാറ്റപ്പെട്ടു. പിന്നീട് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയായി. 2002 ല്‍ ഗോധ്രയില്‍ നടന്ന കാര്യങ്ങള്‍ വീണ്ടും പരാമര്‍ശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. മോദി ഗോധ്രയില്‍ ആര്‍ എസ് എസ് പ്രചാരകനായിരുന്നെന്നും വഗേല കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയായാല്‍ ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങള്‍ സമ്മര്‍ദങ്ങളെ അതിജീവിച്ച് നടപ്പിലാക്കാന്‍ മോദിക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ആറ് മാസം കൊണ്ട് വിലക്കയറ്റം കുറക്കുമെന്ന് പറയുന്നു. കോണ്‍ഗ്രസ് ഒരു വര്‍ഷത്തേക്ക് ഒരു ചോദ്യവും ചോദിക്കില്ല. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ് വിലക്കയറ്റം സംബന്ധിച്ച് തങ്ങളോട് മറുപടി പറയണമെന്ന് വഖേല ആവശ്യപ്പെട്ടു.
ഗുജറാത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയായതില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ട്. ഈ ഉജ്ജ്വല വിജയത്തിന്റെ ശില്‍പ്പി മോദിയാണെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പ്രശംസിച്ചു.
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ വഗേല കോണ്‍ഗ്രസില്‍ അംഗമാകുന്നതിന് മുമ്പ് ബി ജെ പി സഹയാത്രികനായിരുന്നു. 1996ല്‍ രാഷട്രീയ ജനതാ പാര്‍ട്ടി രൂപവത്കരിച്ചെങ്കിലും പിന്നീട് അതുപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഒന്നാം യു പി എ സര്‍ക്കാറില്‍ ടെക്‌സ്റ്റൈല്‍സ് മന്ത്രിയായിരുന്നു വഖേല.