Connect with us

International

ഫുക്കുഷിമ നിലയത്തില്‍ വികിരണ ജലം കടലിലൊഴുക്കാന്‍ തുടങ്ങി

Published

|

Last Updated

ടോക്കിയോ: സുനാമിയെ തുടര്‍ന്ന് തകര്‍ന്ന ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്ന് നിയന്ത്രിത അളവില്‍ റേഡിയോ ആക്ടിവിറ്റിയുള്ള ജലം കടലിലേക്ക് ഒഴുക്കിത്തുടങ്ങി. പ്ലാന്റില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന മലിന ജലം പുറംതള്ളുന്ന പദ്ധതിയുടെ ഭാഗമായാണ് കടലിലേക്ക് ജലമൊഴുക്കി വിടുന്നത്.
ഇന്നലെ മാത്രം 5,60,000 ലിറ്റര്‍ ജലം പുറംതള്ളിയെന്ന് പ്ലാന്റ് നടത്തിപ്പുകാരായ ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി വ്യക്തമാക്കി. മൂന്ന് വ്യത്യസ്ത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ കണ്ടെത്തിയതായി കമ്പനിയും ജപ്പാന്‍ സര്‍ക്കാറും അറിയിച്ചിരുന്നു.
ഫുക്കുഷിമയിലെ മത്സ്യബന്ധന തൊഴിലാളികളുടെ സംഘടനയുമായി മാസങ്ങളോളം നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കുറഞ്ഞ തോതില്‍ റേഡിയോ ആക്ടിവിറ്റിയുള്ള ജലം കടലിലേക്കൊഴുക്കാന്‍ ധാരണയായത്. ഗ്രൗണ്ട് വാട്ടര്‍ ബൈപ്പാസ് എന്ന് വിശേഷിപ്പിക്കുന്ന ഈ ഓപറേഷനിലൂടെ മലിന ജലം പ്ലാന്റില്‍ നിന്ന് പുറത്തേക്ക് കവിഞ്ഞൊഴുകുന്നത് തടയാനാണ് ശ്രമിക്കുന്നത്. 2011 മാര്‍ച്ച് 11ന് ഭൂകമ്പത്തെയും തുടര്‍ന്നുണ്ടായ സുനാമിയേയും തുടര്‍ന്നാണ് ആണവ നിലയം തകര്‍ന്നത്.