Connect with us

International

അഴിമതി: ഹുസ്‌നി മുബാറക്കിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

Published

|

Last Updated

കൈറോ: അഴിമതിക്കുറ്റത്തിന് ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ. മുബാറക്കിന്റെ മക്കളായ അലാ, ജമാല്‍ എന്നിവരെ നാല് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചിട്ടുണ്ട്. മൂവരും 30 ലക്ഷം ഡോളര്‍ പിഴയടക്കാനും മോഷ്ടിച്ച 1.76 കോടി ഡോളര്‍ തിരിച്ചടക്കാനും വിധിച്ചിട്ടുണ്ട്. 2011ല്‍ ഭരണവിരുദ്ധ പ്രക്ഷോഭം ആഞ്ഞടിച്ചപ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിനും പ്രതിഷേധക്കാരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതിനും 86കാരനായ മുബാറക് വിചാരണ നേരിടുന്നുണ്ട്.
2012ല്‍ മറ്റൊരു കേസില്‍ മുബാറക്കിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ അപ്പീല്‍ കോടതി സാങ്കേതിക കാരണങ്ങളാല്‍ പുനര്‍വിചാരണക്ക് ഉത്തരവിട്ടു. കഴിഞ്ഞ ആഗസ്റ്റില്‍ മുബാറക്കിനെ ജയില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കേസില്‍ മറ്റ് നാല് പേരെ വിട്ടയച്ചിട്ടുണ്ട്. മുബാറക്കും മക്കളും ജയിലില്‍ കഴിഞ്ഞ 23 മാസം ശിക്ഷാകാലയളവായി കണക്കാക്കുമോയെന്നത് വ്യക്തമല്ല.
അതേസമയം, മന്‍സൂറ നഗരത്തിലെ കോടതി 155 മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചു. 50 പേര്‍ക്ക് ജീവപര്യന്തമാണ് വിധിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ ആക്രമണങ്ങള്‍ നടത്തിയതാണ് കേസ്.