മിഅ്‌റാജ് നേര്‍ച്ച നാളെ തുടങ്ങും

Posted on: May 22, 2014 12:01 am | Last updated: May 22, 2014 at 12:01 am

വടകര: വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങള്‍ നടത്തിവന്നിരുന്ന ചെറുവണ്ണൂര്‍ മലയില്‍ മഖാമിലെ മിഅ്‌റാജ് നേര്‍ച്ച നാളെ തുടങ്ങും. ഉച്ചക്ക് രണ്ടിന് എം വി ഇബ്‌റാഹീം മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടുപ്രാര്‍ഥനയോടെയാണ് തുടക്കമാകുക. 26വരെ നടക്കുന്ന നേര്‍ച്ചയുടെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. നാളെ വൈകീട്ട് ഏഴിന് വെള്ളിയോട് ഇബ്‌റാഹീം സഖാഫി പ്രഭാഷണം നടത്തും. 24ന് വൈകീട്ട് ഏഴിന് അഹമ്മദ് നബീല്‍ ബംഗളൂരു നയിക്കുന്ന നഅ്‌തെശരീഫും എട്ടിന് കോയ കാപ്പാടിന്റെ നേതൃത്വത്തില്‍ അറബന, ദഫ് പരിപാടികളും നടക്കും. 25ന് രാത്രി ഒമ്പതിന് നടക്കുന്ന ശാദുലി മജ്‌ലിസിന് സയ്യിദ് യഹ്‌യല്‍ ബുഖാരി കാസര്‍കോട് നേതൃത്വം നല്‍കും. 26ന് രാവിലെ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ പാരായണത്തിനും പ്രാര്‍ഥനക്കും ടി എം അബ്ദുര്‍റഊഫ് സഖാഫി നേതൃത്വം നല്‍കും. ഉച്ചക്ക് 12ന് മിഅ്‌റാജ് അനുസ്മരണ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ കടലുണ്ടി, എ പി അബ്ദുല്‍ഹകീം അസ്ഹരി, റഷീദ് മുസ്‌ലിയാര്‍ ആയഞ്ചേരി പ്രസംഗിക്കും. എല്ലാ ദിവസവും ഉച്ചക്ക് മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും. നേര്‍ച്ചക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.