എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ നാളെ തുടങ്ങും

Posted on: May 22, 2014 12:54 am | Last updated: May 23, 2014 at 1:11 am

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ നാളെ തുടങ്ങും. ‘സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം’ എന്ന ശീര്‍ഷകത്തില്‍ 2015 ഫെബ്രുവരിയില്‍ നടക്കുന്ന 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ കര്‍മ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അന്തിമ രൂപം നല്‍കും. ജില്ലാ കൗണ്‍സിലുകള്‍ സമര്‍പ്പിച്ച സംഘടനയുടെ പിന്നിട്ട അറുപത് വര്‍ഷത്തെ അന്വര്‍ഥമാക്കുന്ന വൈവിധ്യമാര്‍ന്ന പദ്ധതികളുടെ കരട്, കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. നാളെ വൈകീട്ട് മൂന്ന് മണിക്ക് എറണാകുളം ജാമിഅ അശ്അരിയ്യയില്‍ ആരംഭിക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തോടെ രണ്ട് ദിവസത്തെ കൗണ്‍സില്‍ തുടങ്ങും. സയ്യിദ് അലി ബാഫഖി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന വിവിധ സെഷനുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രേഡിംഗ് നടത്തും. ആത്മീയം, ആദര്‍ശം, പഠനം, ക്രമീകരണം സെഷനുകള്‍ക്ക് സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കെ പി അബൂബക്കര്‍ മൗലവി പട്ടുവം, സി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, സാദിഖ് വെളിമുക്ക് വകുപ്പുതല റിപ്പോര്‍ട്ടുകളും ബജറ്റുകളും അവതരിപ്പിക്കും.