Connect with us

Gulf

മാധ്യമ ഫാസിസത്തിനെതിരെ ജാഗ്രത വേണം: മജീദ് അരിയല്ലൂര്‍

Published

|

Last Updated

ദുബൈ: സാംസ്‌കാരിക ഫാസിസം പോലെ തന്നെ മാധ്യമ ഫാസിസവും എതിര്‍ക്കപ്പെടണമെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് അരിയല്ലൂര്‍ അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ട്. മോദി വിരുദ്ധം എന്ന രീതിയില്‍ പ്രകാശിതമായ ഉള്ളടക്കങ്ങള്‍ പോലും ഫലത്തില്‍ അവര്‍ക്ക് പ്രചാരം നേടിക്കൊടുക്കുന്നവയായിരുന്നു. വാര്‍ത്തകളിലും വര്‍ത്തമാനങ്ങളിലും നിറഞ്ഞു നില്‍ക്കുക എന്നതായിരുന്നു ഇതിലെ ഒരു സൂത്രം. മാധ്യമങ്ങളെ തന്റെ പ്രചാരണത്തിനു വേണ്ടി ഫലപ്രദമായി പ്രയോഗിച്ചാണ് മോദി ഇന്ത്യയില്‍ ആധിപത്യം നേടിയത്. ഫാസിസ്റ്റ് വിരുദ്ധ, മതേതര ആശയം ശക്തമായി ഉയര്‍ത്താറുള്ള സി പി എം പത്രത്തിനു പോലും മോദിയുടെ പരസ്യം മാറ്റി വെക്കാന്‍ സാധിച്ചില്ല. പെയ്ഡ് ന്യൂസുകള്‍ ഏറ്റവും കൂടുതല്‍ പ്രയോഗിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്. പുതിയ അധികാരത്തിനു കീഴില്‍ മാധ്യമ ഫാസിസവും സാംസ്‌കാരിക ഫാസിസയും ആസൂത്രിതമായി വിനിയോഗിക്കപ്പെടുമെന്ന് ഭയപ്പെടേണ്ടതുണ്ട്. അതിനെതിരെയുള്ള പ്രബുദ്ധതയാണ് സമൂഹം ആര്‍ജിക്കേണ്ടത്.
മാധ്യമ സ്വാധീനം ഉപയോഗപ്പെടുത്തി നുണ പ്രചരിപ്പിക്കുക എന്ന സൂത്രം കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും പ്രയോഗിക്കുന്നുണ്ട്. മുസ്‌ലിം സംഘടനകള്‍ക്കിടയിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും വര്‍വതീകരിച്ച് ഛിദ്രത വളര്‍ത്തുന്നതിനാണ് അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടു വെക്കുന്ന മാധ്യമ ഫാസിസവും അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ തിരഞ്ഞെടുപ്പ് അവരുടെ പൊയ്മുഖം വ്യക്തമായി തുറന്നുകാണിക്കുന്നതുമായിരുന്നു.
മാധ്യമങ്ങളിലൂടെ നിര്‍മിച്ചെടുക്കുന്ന ധാരണകളെ ചെറുക്കുന്നതിന് വിചാരങ്ങളുടെ കനത്ത കരുതല്‍ അനിവാര്യമാണ്. സമാന്തരമായി ഉയര്‍ന്നു വരുന്ന ബദല്‍ മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ കല്ലുവെച്ച നുണകളെ പ്രതിരോധിക്കുന്നതിനും തിരിച്ചറിവിന്റെ ശക്തിയും വളര്‍ത്തിയെടുക്കാന്‍ കഴിയും. അറിവും അവബോധവുമാണ് പ്രതിരോധത്തിന്റെ ആയുധം. അറിവുകള്‍ ആര്‍ജിക്കുക എന്നതാണ് ഫാസിസത്തിനെതിരായ ധാര്‍മിക യുദ്ധം. ഫാസിസ്റ്റ് വിരുദ്ധവും എന്നാല്‍ മാനവീകവും ആത്മീയവുമായ അറിവുകളുടെ സന്ദേശമാണ് പ്രവാസി രിസാല അനുവാചകര്‍ക്കു മുന്നില്‍ അച്ചടിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് ദുബൈയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പറഞ്ഞു.

Latest