Connect with us

Gulf

ലഹരി വില്‍പന: രണ്ടുപേര്‍ക്ക് വധശിക്ഷ

Published

|

Last Updated

അബുദാബി: ലഹരി വസ്തുക്കള്‍ കൈവശം വെക്കുകയും വില്‍പന നടത്തുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രണ്ടുപേരും ഏഷ്യക്കാരാണ്. ഹെറോയിന്‍ വില്‍പന നടത്തുകയും ചെയ്തതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
വിചാരണ വേളയുടെ ആദ്യഘട്ടങ്ങളില്‍ രണ്ടുപേരും ഇവര്‍ക്കെതിരെയുള്ള കുറ്റം നിഷേധിച്ചിരുന്നെങ്കിലും പ്രൊസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ക്കുമുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ കുറ്റം സമ്മതിക്കുകയായിരുന്നു.
ഒന്നാം പ്രതി അന്വേഷണ സംഘത്തിലെ ഒരാള്‍ക്ക് 36 ഹെറോയിന്‍ ഗുളികകള്‍ കൈമാറുകയും ഇയാളില്‍ നിന്ന് ഇതിനുപകരം പണം വാങ്ങുകയും ചെയ്തു. മാത്രമല്ല, ആവശ്യമാകുമ്പോള്‍ ഭാവിയിലും പണത്തിനുപകരം ലഹരി ഗുളികകള്‍ നല്‍കാമെന്ന് കരാര്‍ പറയുകയും ചെയ്തു.
അബുദാബി ബനിയാസില്‍ മഫ്‌റഖ് ഹോട്ടലിനു സമീപത്ത് വെച്ചായിരുന്നു പ്രതികള്‍ ഇടപാടു നടത്തുന്നതിനിടെ പിടിയിലായത്. പോലീസിലെ ലഹരി വിരുദ്ധ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം പ്രതികളെ നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്.
പ്രത്യേക അടയാളമിട്ട് നോട്ടുകളാണ് ഉപഭോക്താവെന്ന വ്യാജേന പ്രതികളെ സമീപിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നത്. വിചാരണക്കിടെ ഇതുള്‍പ്പെടെയുള്ള തെളിവുകളാണ് ഹാജരാക്കിയത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതികളുടെ കയ്യില്‍ വില്‍പനക്ക് തയ്യാറാക്കി വെച്ച ലഹരി ഗുളികകളുടെ ശേഖരവും പോലീസ് കണ്ടെടുത്തിരുന്നു.