‘ദോഹ വിമാനത്താവള വികസനം ദുബൈക്ക് വെല്ലുവിളിയല്ല’

Posted on: May 21, 2014 9:34 pm | Last updated: May 21, 2014 at 9:34 pm

ദുബൈ: ദോഹയിലെ പുതിയ വിമാനത്താവളവും അനുബന്ധ മുന്നേറ്റങ്ങളും ദുബൈയെ ആശങ്കപ്പെടുത്തുന്നില്ലെന്ന് ദുബൈ എയര്‍പോര്‍ട്ട് കമ്പനി എം ഡി പോള്‍ ഗ്രിഫിത്ത് പറഞ്ഞു.
ദോഹയിലെ വികസനം ദുബൈക്കും ഗുണകരമാണ്. മധ്യപൗരസ്ത്യ ദേശത്ത് മൊത്തം വ്യോമമേഖലയില്‍ വികസനം വരണമെന്നാണ് ദുബൈയുടെ ആഗ്രഹം. മറ്റു ഭൂപ്രദേശങ്ങളിലുള്ളവരെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ അത്തരം സമീപനങ്ങള്‍ക്കുകഴിയും.
ദുബൈ മത്സരിക്കുന്നത് ലോക മാര്‍ക്കറ്റുമായാണ്. 630 കോടി യാത്രക്കാരാണ് ഒരു വര്‍ഷം ലോകത്തുള്ളത്. അതിന്റെ വലിയ പങ്ക് മധ്യപൗരസ്ത്യ ദേശത്ത് എത്തണമെന്നേ ദുബൈക്കുള്ളു.
ദുബൈ വേള്‍ഡ് സെന്‍ട്രലിലെ മക്തൂം വിമാനത്താവളം നിര്‍മാണം പൂര്‍ത്തിയാകാന്‍ ഏവരും കാത്തിരിക്കുകയാണ്. ലോകത്തിലെ വലിയ വിമാനത്താവളമായി മക്തൂം മാറും.
2020 ഓടെ പൂര്‍ണ യാഥാര്‍ഥ്യമാകും. 16 കോടി യാത്രക്കാരെ പ്രതിവര്‍ഷം ഉള്‍ക്കൊള്ളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രമായി ദുബൈ മാറിക്കൊണ്ടിരിക്കുന്നു. 40 ശതമാനം യാത്രക്കാര്‍ ആദ്യമായി ദുബൈയില്‍ എത്തുന്നവരാണ്. ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ രാജ്യാന്തര വിമാനത്താവളം മാറിയിട്ടുണ്ടെന്നും പോള്‍ ഗ്രിഫിത്ത് പറഞ്ഞു.