സേവയുടെ എമര്‍ജന്‍സി സേവനകേന്ദ്രം തുറക്കണമെന്ന് ഷാര്‍ജ ഭരണാധികാരി

Posted on: May 21, 2014 9:32 pm | Last updated: May 21, 2014 at 9:32 pm

ഷാര്‍ജ: എമിറേറ്റിലെ ജനങ്ങള്‍ ജലം-വൈദ്യുതി കാര്യങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഷാര്‍ജയില്‍ ജല വൈദ്യുതി അതോറിറ്റിയുടെ എമര്‍ജന്‍സി സേവന കേന്ദ്രം തുറക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു.
ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി സേവന കേന്ദ്രം ഷാര്‍ജയിലെ അല്‍ മജാസിലാണ് സ്ഥാപിക്കുക. സ്വദേശികളും വിദേശികളുമായ ഷാര്‍ജയിലെ മുഴുവന്‍ താമസക്കാര്‍ക്കും പുതിയ സേവന കേന്ദ്രത്തിന്റെ സാന്നിധ്യം ഗുണകരമാകും.
ഭരണാധികാരിയുടെ ഉത്തരവ് വന്ന ഉടനെത്തന്നെ എമര്‍ജന്‍സി സേവന കേന്ദ്രം നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ഷാര്‍ജ ജല-വൈദ്യുതി അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. പൊതുജനങ്ങളുടെ സേവനത്തിനായി കേന്ദ്രം എത്രയും പെട്ടെന്ന് തുറന്നുപ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
എമിറേറ്റിലെ സ്വദേശി വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യമായതൊക്കെ ചെയ്യണമെന്ന് ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. ഭരണാധികാരിയുടെ പ്രഖ്യാപനം വന്നതുമുതല്‍ കേന്ദ്രത്തിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞെന്ന് ‘സേവ’ പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ സല്‍മാന്‍ പറഞ്ഞു. ഒരു മാസത്തിനകം കേന്ദ്രം പ്രവര്‍ത്തനക്ഷമമാകുമെന്നും അല്‍ സല്‍മാന്‍ അറിയിച്ചു.