20 ദിവസത്തെ ശാസ്ത്രവിരുന്നൊരുക്കി എം എസ് എസ് ആര്‍ എഫ്

Posted on: May 21, 2014 12:32 am | Last updated: May 21, 2014 at 12:32 am

കല്‍പ്പറ്റ: എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 20 ദിവസത്തെ അവധിക്കാല ശാസ്ത്രപഠനക്യാമ്പിന് സമാപനമായി.
കേരളത്തിന്റെ വ്യത്യസ്ത ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 പേരായിരുന്നു ക്യാമ്പംഗങ്ങള്‍. പ്രകൃതിസംരക്ഷണത്തിന് ഊന്നല്‍ നല്‍കികൊണ്ട്, എല്ലാ വര്‍ഷവും നടക്കുന്ന ഈ ക്യാമ്പ് ഇന്നത്തെ അവധിക്കാല ക്യാമ്പുകളില്‍ നിന്നും വ്യത്യസ്തമാണ്. പ്രകൃതിയുടെ ബാലപാഠങ്ങള്‍ തൊട്ട് ആധുനിക ശാസ്ത്രശാഖകളായ ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, ബഹിരാകാശ ശാസ്ത്രം എന്നിവ വരെ വ്യത്യസ്തമായ ഒട്ടേറെ ക്ലാസ്സുകള്‍ ക്യാമ്പിന്റെ ഭാഗമായി ചര്‍ച്ചചെയ്യപ്പെട്ടു. ഒരുപാടു ക്ലാസ്സുകള്‍ നല്‍കുന്നതിനുമപ്പുറത്തേക്ക് അനുഭവത്തിലൂടെ പ്രകൃതിപാഠങ്ങള്‍ പഠിപ്പിക്കാനായിരുന്നുഎം എസ് എസ് ആര്‍ എഫ് ശ്രമിച്ചിരുന്നത്. അതുതന്നെയാണ് ക്യാമ്പിനെ വ്യത്യസ്തമാക്കിയതും.
പ്രൊഫ. എം കെ പ്രസാദ്, ഡോ.വി. എസ്. വിജയന്‍, പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍, ഡോ.സി. പി. ഷാജി, ബിനോയ് വിശ്വം, ഡോ.അനില്‍ സക്കറിയ, ഡോ. ജിബികുര്യാക്കോസ്, ഡോ. ജാഫര്‍ പാലോട്ട്, തുടങ്ങി ഒട്ടനവധി പ്രമുഖരുടെ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ലഭിക്കുകയുണ്ടായി. മണിക്കുന്ന് മലയിലേക്കുള്ള ട്രക്കിംഗ് കാടിനെ അടുത്തറിയാന്‍ വിദ്യാര്‍ഥികളെ സഹായിച്ചപ്പോള്‍; എല്‍ദോ ബേബി, ചെറുവയല്‍ രാമന്‍ എന്നീ കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ കുട്ടികളെ പരമ്പരാഗതമായ കൃഷിരീതികളിലേക്കും, ജൈവകൃഷിയിലേക്കും വെളിച്ചം വീശുന്നതിന് സഹായകമായി. പ്രകൃതിപഠനത്തോടൊപ്പം തന്നെ വ്യക്തിത്വവികസനത്തിനും സര്‍ഗാത്മകമായ കഴിവുകളെ വര്‍ദ്ധിപ്പിക്കുന്നതിനും ക്യാമ്പ് സഹായകമായതായി കുട്ടികള്‍ അഭിപ്രായപ്പെട്ടു.
പ്രകൃതിയെ അടുത്തറിയാനും വ്യക്തിത്വവികസനത്തിനും ക്യാമ്പിലൂടെ സാധിച്ചെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ക്യാമ്പൊരു യാത്രയാണെന്നും, പ്രകൃതിക്കുവേണ്ടി എന്നും നിലകൊള്ളുമെന്നും ഭാവിയിലെ ശാസ്ത്രവിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ ഇത്തരം ക്യാമ്പുകള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും ഇവര്‍ പറയുന്നു.സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫ. മോഹന്‍ബാബു നിര്‍വഹിച്ചു. പരിസ്ഥിതിയില്‍ നിന്നും അകന്നുപോവുന്ന ആധുനിക വിദ്യാഭ്യാസത്തെപ്പറ്റി അദ്ദേഹം വാചാലനായി. ഡോ. അനില്‍ കുമാര്‍ ഡോ. സ്മിത, ഡോ.രാജലക്ഷ്മി എന്നിവരും സംസാരിച്ചു. നല്ലൊരു നാളെയുടെ വാഗ്ദാനമാവുമെന്ന ഉറച്ച വിശ്വാസം പങ്കുവെച്ചുകൊണ്ടാണ് 30 പേരും പടിയിറങ്ങിയത്. ഡോ. സ്മിത, ബിനേഷ്, ധന്യ തോമസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.