മുതുമലക്കാരുടെ പുനരധിവാസം അനന്തമായി നീളുന്നു

Posted on: May 21, 2014 12:29 am | Last updated: May 21, 2014 at 12:29 am

ഗൂഡല്ലൂര്‍: മുതുമല ഗ്രാമവാസികളുടെ പുനരധിവാസം അനന്തമായി നീളുന്നു. ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് 1998ല്‍ പ്രദേശവാസികള്‍ ചെന്നൈ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ചെയ്തിരുന്നു.
2007ല്‍ ചെന്നൈ ഹൈക്കോടതി ഇവിടുത്തെ കുടുംബങ്ങളെ മാറ്റൊരുഭാഗത്തേക്ക് പുനരധിവസിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു.
ദേശീയ കടുവാസംരക്ഷണ ആയോഗത്തിന്റെ റീഹാബിലിറ്റേഷന്‍ ഗൈഡ് ലൈന്‍ അനുസരിച്ചും മുതുമല, ബെണ്ണ തുടങ്ങിയ കുഗ്രാമങ്ങളില്‍ അതിവസിക്കുന്നവരെ പന്തല്ലൂര്‍ താലൂക്കിലെ അയ്യംകൊല്ലിയിലെ ചണ്ണക്കൊല്ലിയിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ സര്‍വ്വെ നടത്തിയതല്ലാതെ റവന്യുവകുപ്പോ, വനംവകുപ്പോ സബ് ഡിവിഷന്‍ ചെയ്തുകൊടുക്കാതെ അനാവശ്യ കാലതാമസം വരുത്തുകയാണ് ചെയ്യുന്നത്. ഒരു വര്‍ഷത്തിനകം പുനരധിവാസ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടെണ്ടെങ്കിലും ഇതുവരെ പുനരധിവാസ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് സാധിച്ചിട്ടില്ല. മുതുമല, ബെണ്ണ ഗ്രാമങ്ങളിലായി 650 കുടുംബങ്ങളാണ് അതിവസിക്കുന്നത്. 2008ല്‍ മുതുമല വന്യജീവി സങ്കേതം ടൈഗര്‍ പ്രൊജക്ടായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
അതിന് ശേഷമാണ് മെല്ലെപ്പോക്ക് തുടങ്ങിയതെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. മുതുമല കടുവാസങ്കേതത്തിനുള്ളില്‍ കഴിയുന്നവരെയാണ് പുനരധിവസിപ്പിക്കുന്നത്.
ചണ്ണകൊല്ലിയില്‍ റോഡ്, ആശുപത്രി, സ്‌കൂള്‍, കിണര്‍, വീട്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിനുള്ള നടപടികളാരംഭിച്ചിരുന്നുവെങ്കിലും പൂര്‍ത്തീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അധികൃതരുടെ തികഞ്ഞ അനാസ്ഥകാരണമാണ് ഇത്. മുതുമല വന്യജീവി സങ്കേതത്തിനുള്ളില്‍ അന്യരെ പോലെ കഴിയേണ്ട അവസ്ഥയാണുള്ളത്. റോഡ്, വാഹന സൗകര്യം, കുടിവെള്ളം, വൈദ്യുതി, താമസയോഗ്യമായ വീട്, ആശുപത്രി. സ്‌കൂള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുകയാണിവിടുത്തെ കുടുംബങ്ങള്‍. വന്യമൃഗങ്ങളുടെ ശല്യംകാരണം പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. പുനരധിവാസ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.