Connect with us

National

ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം: കമല്‍നാഥിന് സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ ഏല്‍പ്പിക്കാന്‍ സാധ്യത. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 44 സീറ്റുകള്‍ മാത്രം ലഭിച്ച അവസരത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രതിപക്ഷ നേതാകാനുള്ള സാധ്യത ഇല്ലാത്ത സാഹചര്യത്തിലാണ് കമല്‍നാഥിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ചിന്ത്വാര ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിച്ച് ജയിച്ച കമല്‍നാഥിനോട് ഈ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ഇന്ത്യയാകെ അലയടിച്ചപ്പോള്‍ ഇതിനെതിരെ പോരാടി ജയിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളാണ് കമല്‍നാഥ്. അതേസമയം, രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കില്ലെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച നടന്ന പാര്‍ട്ടി യോഗത്തില്‍ സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി അധ്യക്ഷയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
1999ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് 114 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ അന്ന് പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്തുന്നതിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് സോണിയാ ഗാന്ധിയായിരുന്നു. എന്നാല്‍, 1999നേക്കാള്‍ ദുര്‍ബലമായ അവസ്ഥയിലാണ് നിലവില്‍ കോണ്‍ഗ്രസ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസ് നേതാവായ കമല്‍നാഥിനെ ഏല്‍പ്പിക്കുന്ന കാര്യം പരിഗണനയിലെത്തിയിരിക്കുന്നത്.