പുതിയ സര്‍ക്കാറിനു മുന്നിലേക്ക് സുപ്രധാനമായ പത്ത് വിഷയങ്ങള്‍

Posted on: May 21, 2014 12:24 am | Last updated: May 21, 2014 at 12:24 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കാന്‍ ഒരുങ്ങുന്ന നരേന്ദ്ര മോദിയെ പ്രധാനമ ന്ത്രിയുടെ ഓഫീസ് കാത്തിരിക്കുന്നത് അടിയന്തരമായി പരിഹാരം കാണേണ്ട സുപ്രധാനമായ പത്ത് വിഷയങ്ങള്‍. അതില്‍ സുപ്രധാനം പണപ്പെരുപ്പമാണ്. നിത്യോപയോഗ സാധനങ്ങളടക്കമുള്ള അത്യാവശ്യ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായത്.
അവശ്യ വസ്തുക്കളുടെ വില കുറക്കും എന്ന് ബി ജെ പി തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തിരുന്നു. മധ്യവര്‍ഗത്തോട് ഏറെ കടപ്പാടുള്ള പാര്‍ട്ടിയാണ് ബി ജെ പി. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടിവരും. ബജറ്റ് തയ്യാറാക്കാനായി വിവരശേഖരണം നടത്തുകയെന്നുള്ളതാണ് മറ്റൊന്ന്. ഭരണത്തിലേറുന്ന പുതിയ സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനാവശ്യമുള്ള വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ പുതിയ ധനമന്ത്രിയുടെ ജോലി എളുപ്പമാകും.
എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെ നിയന്ത്രിക്കുക എന്നതാണ് മറ്റൊന്ന്. വിഷയത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ കടുത്ത നിലപാടായിരിക്കും സ്വീകരിക്കുകയെന്നാണ് വിദഗ്ധര്‍ കരുതുന്നത്. നക്‌സല്‍ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൂടുതല്‍ സഹായം നല്‍കേയേക്കുമെന്നും പ്രതീക്ഷയുണ്ട്. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള സുപ്രധാന നിയമനങ്ങളാണ് മറ്റൊന്ന്.
അധികാരത്തില്‍നിന്നൊഴിഞ്ഞ യു പി എ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയമനങ്ങള്‍ നടത്തിയിരുന്നെങ്കിലും നിരവധി തസ്തികകള്‍ ഇനിയും ഒഴിഞ്ഞുകിടക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസവും ആവശ്യമായിവരും. ഓരോ മന്ത്രാലയവും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ മുന്‍ഗണനാ ക്രമം നിശ്ചയിക്കുക എന്നതാണ് പി എം ഒ ഓഫീസിന്റെ മറ്റൊരു ചുമതല. ഇതിനായി അതാതാ മന്ത്രാലയങ്ങളോട് മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെടണം.
ഓഹരി വില്‍പ്പന ഉടന്‍ തുടങ്ങി നേട്ടമുണ്ടാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. വാജ്‌പേയി സര്‍ക്കാറിന്റെ വിജയചരിത്രത്തില്‍ ഒന്നായിരുന്നു ഇത്. സുപ്രധാന വിഷയങ്ങളില്‍ നിയമനിര്‍മാണമാണ് പിന്നെയുള്ളത്. ലോക്പാല്‍, അഴിമതിവിരുദ്ധ ഓംബുഡ്‌സ്മാന്‍,വനിതാ സംവരണം എന്നിവ യു പി എ സര്‍ക്കാറിന് പാസാക്കാനായിരുന്നില്ല. വിവിധ വകുപ്പുകളിലെ മന്ത്രിതല സമിതി അംഗങ്ങളെ നിയമിക്കലും പി എം ഒ യുടെ ചുമതലയാണ്.
ഗവര്‍ണര്‍മാരുടെ നിയമനത്തിനായി ലിസ്റ്റ് തയ്യാറാക്കല്‍ പ്രധാനമന്ത്രി നേത്യത്വം നല്‍കുന്ന സാമ്പത്തിക ഉപദേശക കൗണ്‍സില്‍, ദുരന്ത നിവാരണ മാനേജ്‌മെന്റ് കമ്മിറ്റി തുടങ്ങിയ സര്‍ക്കാര്‍ കമ്മറ്റികളുടെ ലിസ്റ്റ് തയ്യാറാക്കലും പി എം ഒയുടെ കടമയാണ്.