പരിശോധനകള്‍ ഫലം ചെയ്യും

Posted on: May 21, 2014 6:00 am | Last updated: May 21, 2014 at 12:23 am

SIRAJ.......സംസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനാ ഫലങ്ങള്‍ ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്ത് 21ഉം എറണാകുളത്ത് 25ഉം ഹോട്ടലുകള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നു എന്ന കാരണം കാണിച്ച് പൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതാണ് അന്വേഷണത്തിലെ പ്രധാന സംഭവം. ഇതിന് പുറമെ നിരവധി ഹോട്ടലുകളില്‍ നിന്ന് പിഴ ഈടാക്കുകയും മറ്റു അമ്പതിലധികം ഹോട്ടലുകള്‍ക്ക് സ്ഥിതി മെച്ചപ്പെടുത്താന്‍ നോട്ടീസ് നല്‍കിയിരിക്കുകയുമാണ്. ശരാശരി കേരളീയന്റെ നിത്യസന്ദര്‍ശന സ്ഥലമായി മാറിക്കൊണ്ടിരിക്കുന്ന ഹോട്ടലുകളിലെ വൃത്തിയും മെച്ചപ്പെട്ട ഭക്ഷണവും ഹോട്ടല്‍ ഉടമകളുടെ വാക്കുകളില്‍ മാത്രമാണെന്ന് ന്യായമായും സംശയിക്കേണ്ട സ്ഥിതിയാണിപ്പോള്‍. ലാഭത്തില്‍ മാത്രം കണ്ണുവെച്ച് മലയാളിയുടെ വര്‍ധിച്ചുവരുന്ന ഹോട്ടല്‍ ഭക്ഷണ സംസ്‌കാരത്തെ ചൂഷണം ചെയ്യുന്ന സ്ഥിതി യഥാര്‍ഥത്തില്‍ അവരുടെ ജീവന്‍ കൊണ്ടുള്ള കളി കൂടിയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
വലിയ ജനോപകാരപ്രദമായ ഒരു സേവനമാണ് ഹോട്ടലുകള്‍ ചെയ്യുന്നതെന്ന കാര്യത്തില്‍ തീരെ സംശയമില്ല. യാത്രക്കാര്‍ ഉള്‍പ്പെടെ ഇതിന്റെ ഉപയോക്താക്കള്‍ അനവധിയാണ്. പക്ഷേ അടുത്ത കാലത്തായി ഹോട്ടലുകള്‍ വ്യവസായമായി മാറിയതിന്റെ പശ്ചാത്തലത്തില്‍ ഈ രംഗത്തും വന്‍ തോതിലുള്ള ചൂഷണങ്ങളും തട്ടിപ്പുകളും അരങ്ങേറുകയാണ്. അനിവാര്യമായ ഈ സംവിധാനത്തെ ലാഭത്തിന്റെ മാത്രം ഉറവിടമായി കാണുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഭക്ഷ്യസുരക്ഷാ വിഭാഗം നിര്‍ദേശിക്കുന്ന സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പുലര്‍ത്തുന്ന സംസ്ഥാനത്തെ ഹോട്ടലുകള്‍ വളരെ കുറവാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്ന ഹോട്ടലുകള്‍ അനവധിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലുകള്‍ വരെ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. മൂന്നോ നാലോ ജില്ലകളില്‍ മാത്രം നടത്തിയ ഈ പരിശോധനകളുടെ ഫലമായി അമ്പതിനടുത്ത് ഹോട്ടലുകള്‍ പൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ടെങ്കില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന പരിശോധനാ ഫലങ്ങള്‍ എത്രയോ ഭീതിദമായിരിക്കും.
ശുചിത്വത്തിന് കല്‍പ്പിക്കുന്ന വിലയോളം പ്രാധാന്യമുണ്ട് ഇവിടെ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ ക്വാളിറ്റിയും. മാരകമായ കൃത്രിമ രാസവസ്തുക്കളും പൗഡറുകളും ഭക്ഷണം കേടുകൂടാതെ കൂടുതല്‍ സമയം ഇരിക്കാനും നല്ല സുഗന്ധത്തിനും വേണ്ടി ഉപയോഗിക്കുന്നത് വ്യാപകമാണ്. മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം വസ്തുക്കള്‍ കലര്‍ന്ന ഭക്ഷ്യവിഭവങ്ങളാണ് അലങ്കരിക്കപ്പെട്ട ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ പാതയോരങ്ങളിലെ തട്ടുകടകളില്‍ വരെ തയ്യാറാക്കി വെച്ചിരിക്കുന്നത്. ഭക്ഷണ ശൈലീ രോഗങ്ങള്‍ മലയാളികളെ കാര്‍ന്നുതിന്നുന്നതിന് പിന്നില്‍ ഈ പുത്തന്‍ ഹോട്ടല്‍ഭക്ഷ്യ വിഭവങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. മക്കളുടെ ജന്മദിനം മുതല്‍ സകല വിശേഷ അവസരങ്ങളും ആഘോഷിക്കാനുള്ള ഇടമായി ഹോട്ടലുകളെയും ഇവിടുത്തെ ഭക്ഷ്യസാധനങ്ങളെയും കാണുന്നവര്‍ ഈ ഹോട്ടലുകളിലെ ശുചിത്വത്തെ കുറിച്ചും ഭക്ഷണത്തിലെ മായത്തെ കുറിച്ചും കൂടുതല്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു. അതേസമയം, ഇതിനെല്ലാം വിപരീതമായി നല്ല നിലയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ച് ആത്മാര്‍ഥതയോടെ ഇടപെടുന്നവരെ അവഗണിക്കാനും കഴിയില്ല.
ഏകീകൃത വിലനിലവാരം കൃത്യമായി നടപ്പാക്കലും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം. ഒരു പ്രദേശത്തെ ഹോട്ടലില്‍ തന്നെ ഒരേ ഭക്ഷണത്തിന് വിവിധ വിലകള്‍ ഈടാക്കുന്നത് സാധാരണമാണ്. അതായത് ശുചിത്വക്കുറവ്, ഭക്ഷണങ്ങളിലെ മായം തുടങ്ങി നിരവധി അപകടങ്ങള്‍ക്കൊപ്പം ചൂഷണത്തിന്റെയും ഇടങ്ങളായി ഹോട്ടലുകള്‍ മാറുകയാണ്. ഹോട്ടലുകള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും ആരും ഇതൊന്നും പരിഗണിക്കാറില്ല. കേരളത്തില്‍ തന്നെ ഇതിന് മുമ്പ് നിരവധി ഹോട്ടലുകളില്‍ നിന്ന് ഭക്ഷ്യവിഷബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഉത്തരവാദപ്പെട്ടവര്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം എത്തിനോക്കി വാര്‍ത്ത സൃഷ്ടിക്കുന്നവരായി മാത്രം പലപ്പോഴും മാറിപ്പോകുകയാണ്. കൃത്യമായ ഇടവേളകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശനമായ ഇടപെടലുകളാണ് ഈ രംഗത്ത് ആദ്യമായി വേണ്ടത്. കൃത്യമായ പരിശോധനകള്‍ കൊണ്ടുതന്നെ ഹോട്ടലുകളുടെ ശുചിത്വ നിലവാരം ഉയര്‍ത്താന്‍ സാധിക്കും. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത ഹോട്ടലുകളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാനും മടികാണിക്കരുത്. ഇതൊടൊപ്പം ജനങ്ങളുടെ ജീവനു വരെ ഭീഷണി സൃഷ്ടിക്കുന്ന മാരക രാസവസ്തുക്കള്‍ ഭക്ഷ്യപദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്നതിനെതിരെയും അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.