Connect with us

Articles

എന്തുകൊണ്ട് പോഷകാഹാര നയം?

Published

|

Last Updated

ആരോഗ്യകരമായ വളര്‍ച്ചക്കും വികാസത്തിനും എതിരായ ഘടകങ്ങള്‍ ചുറ്റുപാടും വളര്‍ന്നു വരുന്നുണ്ട്. പോഷകസമ്പന്നമായ ഭക്ഷണവും മാനസികോല്ലാസവും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.
കേരളത്തിലെ 46 ശതമാനം കുടുംബങ്ങളിലും 2400 കലോറി ഊര്‍ജം ലഭിക്കുന്ന ഭക്ഷണം ലഭിക്കുന്നില്ല. 74 ശതമാനം കുട്ടികള്‍ക്ക് മാത്രമേ പോഷക മൂല്യമുള്ള മുലപ്പാല്‍ ലഭിക്കുന്നുള്ളൂ. വിളര്‍ച്ച ഒരു ഭീഷണിയായി നിലനില്‍ക്കുന്നു. ആറ് മാസം മുതല്‍ 49 മാസം വരെ പ്രായമുള്ള കുട്ടികളില്‍ 45 ശതമാനം വിളര്‍ച്ചബാധിതരാണ്. 15 വയസ്സ് മുതല്‍ 49 വയസ്സ് വരെയുള്ളവരില്‍ എട്ട് ശതമാനം വിളര്‍ച്ചാബാധിതരാണ്. മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളില്‍ 28.8 ശതമാനത്തിനും ഭാരക്കുറവ് അനുഭവപ്പെടുന്നു. വിറ്റാമിന്‍ “എ” അടങ്ങിയ ഭക്ഷണം ലഭിക്കാത്ത 20 ശതമാനം കുട്ടികള്‍ കേരളത്തിലുണ്ട്. അങ്കണവാടികളില്‍ നിന്നുള്ള പരിചരണം 31 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. 23 മാസം വരെ മുലപ്പാല്‍ കുട്ടികള്‍ക്കു നല്‍കണമെന്ന തത്വവും കേരളത്തില്‍ പൂര്‍ണമായും നടപ്പാക്കുന്നില്ല. 1984ല്‍ ആരംഭിച്ച ഉച്ചഭക്ഷണ പദ്ധതി പ്രകാരം 300 ഗ്രാം കാല്‍സ്യം, 12 ഗ്രാം പ്രോട്ടീന്‍ എന്നിവ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കണം എന്ന് നിര്‍ദേശിച്ചെങ്കിലും പൂര്‍ണമായും പാലിക്കപ്പെടുന്നില്ല. കുടിവെള്ള സ്രോതസ്സുകളില്‍ 40 ശതമാനം മാത്രമേ സംരക്ഷിക്കപ്പടുന്നുള്ളൂ. 29 ശതമാനത്തിന് യാതൊരു സംരക്ഷണവും ലഭിക്കുന്നില്ല. പട്ടികവര്‍ഗവിഭാഗക്കാരില്‍ 1.1 ശതമാത്തിന് മാത്രമാണ് കുടിവെള്ളം, സാനിട്ടേഷന്‍, മറ്റ് ആരോഗ്യസേവനങ്ങള്‍ എന്നിവ ലഭിക്കുന്നത്. ഈ വിഭാഗങ്ങളിലുള്ളവരില്‍ 70 ശതമാനവും പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. 11 ശതമാനംവരുന്ന വൃദ്ധജനങ്ങള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു. പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം, ക്യാന്‍സര്‍, വാതം എന്നീ രോഗങ്ങള്‍ ഈ വിഭാഗക്കാരില്‍ കൂടിവരുന്നു. പ്രമേഹത്തിന്റെ തലസ്ഥാനമായി കേരളം മാറി. ദേശീയ ശരാശരി എട്ട് ശതമാനം ആണെങ്കില്‍ കേരളത്തില്‍ 20 ശതമാനം ആയി മാറിയിരിക്കുന്നു. വൃദ്ധന്മാരില്‍ 71.6 ശതമാനത്തിനും ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളും പോഷകാഹാരക്കുറവും അനുഭവപ്പെടുന്നു.
2012ല്‍ ഇന്ത്യയില്‍ മരിച്ച 1180 കുട്ടികളില്‍ 110 പേരും പോഷകാഹാരക്കുറവുകൊണ്ടാണ് എന്ന് സി എ ജി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കേരളത്തില്‍ ആറ് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 27.39 ശതമാനവും പോഷക ന്യൂനതകള്‍ നേരിടുന്നതായി പ്രസ്തുത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മൂന്ന് കിലോഗ്രാം ഭാരമാണ് ജനിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമുള്ളത് എങ്കിലും 650 ഗ്രാം വരെ തൂക്കമുള്ള കുട്ടികള്‍ കേരളത്തില്‍ ജനിക്കുന്നു. 55.66 ശതമാനം കുട്ടികള്‍ക്കും പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നില്ല. പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യ മേഖലയില്‍ കേരളം ഇന്ത്യക്ക് മാതൃകയാണ്, കുറഞ്ഞ മാതൃ-ശിശുമരണ നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനന റജിസ്‌ട്രേഷന്‍, സാക്ഷരത എന്നീ രംഗങ്ങളില്‍ കുതിപ്പ് നടത്തിയെങ്കിലും, കല്യാണം കഴിഞ്ഞ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന പോഷകക്കുറവ്, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളില്‍ കണ്ടുവരുന്ന ഭാരക്കുറവ് എന്നിവ കടുത്ത വെല്ലുവിളിയാണ് ആരോഗ്യരംഗത്ത് ഉയര്‍ത്തുന്നത്. എല്ലാവര്‍ക്കും പോഷക സമ്പന്നമായ ഭക്ഷണം, പ്രോട്ടീന്‍ ലഭ്യത, ജനിക്കുന്ന കുട്ടികള്‍ക്ക് കൃത്യമായ തൂക്കം, അയഡിന്‍, വിറ്റാമിന്‍ “എ” എന്നിവയുടെ കുറവിന് പരിഹാരം, കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും വളര്‍ച്ചക്ക് വിഘാതമായി നിലനില്‍ക്കുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുക, ആരോഗ്യ രംഗത്തുള്ള അസമത്വം കുറക്കുക പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ആരോഗ്യസംരക്ഷണം എന്നീ ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസന ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങാനുള്ള കേരളത്തിന്റെ എളിയ കാല്‍വെപ്പാണ് സമഗ്രമായ പോഷക നയം. ഗ്രാമസഭകള്‍ ചേര്‍ന്ന് നയം ചര്‍ച്ച ചെയ്യണം. മുഖ്യമന്ത്രി, സാമൂഹിക നീതി മന്ത്രി, ചീഫ്‌സെക്രട്ടറി, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ നയം നടപ്പിലാക്കുന്നതിന്റെ വിവിധ ഉത്തരവാദങ്ങള്‍ ഏറ്റെടുക്കുന്നു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമുള്ള ന്യൂട്രീഷന്‍ കൗണ്‍സിലുകള്‍ എന്നിവ ഈ നയത്തിന് ചലനാത്മകത നല്‍കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഐ സി ഡി എസ് സ്ഥാപനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ടുപോയി പോഷകാഹാരങ്ങള്‍ കൃത്യമായ ജനങ്ങള്‍ക്ക് ഉറപ്പ് വരുത്തേണ്ട ചുമതല ന്യൂട്രിഷന്‍ കൗണ്‍സിലിനാണ്. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍, കൗമാരപ്രായക്കാര്‍ എന്നിവരുടെ ആരോഗ്യ സംരക്ഷണത്തിന് ധിഷണാപരമായ കാഴ്ചപ്പാടും സംവിധാനങ്ങളുമായി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളം കരട് പോഷക നയം പുറത്തിറക്കിയിരിക്കുകയാണ്.
സ്ത്രീകളിലും കുട്ടികളിലും കണ്ടുവരുന്ന വിളര്‍ച്ച ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നമായി ഈ നയം തിരിച്ചറിയുന്നു. സമ്പന്നമായ ഒരു ജനതയെ വാര്‍ത്തെടുക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം കുട്ടികളുടെ ജന്മാവകാശമായ മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകത ഈ നയം ഊന്നിപ്പറയുന്നു. പോഷകസമ്പന്നമായ ആഹാരം, ആരോഗ്യസംരക്ഷണം, നല്ലജീവിത നിലവാരം എന്നിവ സംരക്ഷിക്കപ്പെടണം. മുഴുവന്‍ പോഷകാഹാര പരിപാടികളും സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചു കൊണ്ടുപോയി പടര്‍ന്ന് പന്തലിക്കുന്ന ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി തടയാന്‍ കാലികമായ നിര്‍ദേശങ്ങളും നടപടികളും നയത്തിന്റെ കാതലാണ്. 2025 ആകുമ്പോഴേക്കും കുഞ്ഞുങ്ങളുടെ ഭാരക്കുറവ്, വിളര്‍ച്ച, പ്രോട്ടീന്‍, വിറ്റാമിന്‍ “എ” എന്നിവയുടെഅഭാവം പരിഹരിക്കല്‍, പോഷകാഹാരക്കുറവ് കൊണ്ടുള്ള രോഗങ്ങളില്‍ നിന്നുള്ള പൂര്‍ണമോചനം, പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കല്‍, ജീവിതശൈലി രോഗങ്ങള്‍ ഇല്ലാതാക്കല്‍ എന്നിവ ഈ നയം ലക്ഷ്യമിടുന്നു. ഐ സി ഡി എസ് മുഖേന നടപ്പിലാക്കുന്ന പൂരക പോഷകാഹാര പരിപാടികള്‍ കാലാനുസൃതമായി പരിഷ്‌കരിക്കും, ശുദ്ധമായ കുടിവെള്ളം, എല്ലാവര്‍ക്കും സാനിട്ടേഷന്‍ എന്നിവക്ക് മുന്തിയ പരിഗണനയാണ് നയം നല്‍കുന്നത്. കുറ്റമറ്റ ഡാറ്റാബേസ് ഉണ്ടാക്കി ഈ മേഖലയെ കാര്യക്ഷമമാക്കും. വില്ലേജ് കൗണ്‍സിലര്‍മാരെ നിയമിച്ച് നിര്‍വഹണ പോരായ്മകള്‍ പരിഹരിക്കും. മാലിന്യസംസ്‌കരണത്തിന് പുത്തന്‍ വഴികള്‍ തേടണമെന്ന് ഈ നയം നിര്‍ദേശിക്കുന്നു. ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും ടോള്‍ഫ്രീ നമ്പര്‍ സേവനവും നല്‍കി കണക്ടിവിറ്റി ഉണ്ടാക്കും.
എച്ച് ഐ വി/എയ്ഡ്‌സ് രോഗികള്‍ക്ക് പ്രത്യേക പരിഗണനയും മാനസിക, ശാരീരിക വൈകല്യമുള്ളവരുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി പരിഹരിക്കാനുള്ളനിര്‍ദേശങ്ങളും നയത്തില്‍ അടങ്ങിയിട്ടുണ്ട്. തൊഴിലാളികള്‍, പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികള്‍, കുടിയേറ്റക്കാര്‍ എന്നിവരുടെ ഒറ്റപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും ഈ നയത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നതാണ്.

 

---- facebook comment plugin here -----

Latest