ലൂയിസ് എന്റികെ ബാഴ്‌സലോണ കോച്ച്

Posted on: May 21, 2014 12:11 am | Last updated: May 21, 2014 at 12:18 am

മാഡ്രിഡ്: മുന്‍ നായകനും ബി ടീം പരിശീലകനുമായ ലൂയിസ് എന്റികെ ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍. ട്രോഫിയില്ലാതെ സീസണ്‍ പൂര്‍ത്തിയാക്കിയ ജെറാര്‍ഡോ മാര്‍ട്ടിനോയെ പുറത്താക്കിയതിന് പിന്നാലെയാണ് സ്പാനിഷ് ക്ലബ്ബ് ലൂയിസ് എന്റികെക്ക് രണ്ട് വര്‍ഷത്തെ കരാര്‍ നല്‍കി ഹോട് സീറ്റിലിരുത്താന്‍ തീരുമാനിച്ചത്. നാല്‍പ്പത്തിനാലുകാരനായ എന്റികെ സ്പാനിഷ് ലാ ലിഗ സീസണില്‍ സെല്‍റ്റ വിഗോയെ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യിച്ച് ശ്രദ്ധാകേന്ദ്രമായി. എട്ട് വര്‍ഷത്തിനിടെ സെല്‍റ്റവിഗോയുടെ മികച്ച ഫിനിഷിംഗായി ഇത്.
പെപ് ഗോര്‍ഡിയോള ബാഴ്‌സലോണയുടെ സീനിയര്‍ പരിശീലകനായി 2008 ല്‍ ചുമതലയേറ്റപ്പോഴായിരുന്നു ബാഴ്‌സയുടെ ബി ടീം പരിശീലകനായി ലൂയിസ് എന്റികെ രംഗപ്രവേശം ചെയ്തത്. പതിനൊന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബി ടീം രണ്ടാം ഡിവിഷനിലേക്ക് കയറിയെത്തിയത് റെക്കോര്‍ഡ് പോയിന്റ് കരസ്ഥമാക്കിക്കൊണ്ട്. ഈ മികവായിരുന്നു എന്റികെയെ എ എസ് റോമയിലെത്തിച്ചത്. 2011 ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമയുടെ പരിശീലകനായ എന്റിക്കെക്ക് ക്ലബ്ബിനെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് യോഗ്യത നേടിക്കൊടുക്കാന്‍ സാധിച്ചില്ല. അതോടെ ഇറ്റലി വിടേണ്ടി വന്നു.
കളിച്ചിരുന്ന കാലത്ത് എന്റികെ സ്‌പെയിനിന്റെ ആവേശമായിരുന്നു. സ്‌പെയ്‌നിലെ റോയല്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ നിന്ന് 1996 ല്‍ ബാഴ്‌സയിലേക്കുള്ള കൂടുമാറ്റം പോലും വന്‍ വാര്‍ത്തയായി. ബാഴ്‌സക്കായി എട്ട് സീസണുകളില്‍ ബൂട്ടുകെട്ടിയ എന്റികെ 300 മത്സരങ്ങളില്‍ 109 ഗോളുകള്‍ നേടി. ആദ്യ മൂന്ന് സീസണായിരുന്നു ഗംഭീരം. രണ്ട് ലീഗ് കിരീടങ്ങള്‍, രണ്ട് സ്പാനിഷ് കപ്പുകള്‍, യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ് എന്നിവ സ്വന്തമാക്കി.
എന്റികെയുടെ ആക്രമണോത്സുകതയും സാങ്കേതിക തികവുമാണ് പരിശീല സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പ്രധാന കാരണമെന്ന് ബാഴ്‌സലോണ അധികൃതര്‍ വ്യക്തമാക്കി.
ടീം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി സ്വന്തമാക്കാനുദ്ദേശിക്കുന്ന കളിക്കാരുടെ പട്ടിക എന്റികെ തയ്യാറാക്കിക്കഴിഞ്ഞു. കരാര്‍ അവസാനിച്ച ഗോളി വിക്ടര്‍ വാല്‍ഡസിന്റെ പകരക്കാരനായി ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിന്റെ ഇരുപത്തിരണ്ടുകാരന്‍ മാര്‍സ് ആന്‍ഡ്രെ ടെര്‍ സ്റ്റിഗനെ ടീമിലെത്തിച്ചു. ജര്‍മന്‍ ഗോളി ലോണില്‍ ബൊറൂസിയക്ക് കളിക്കുകയായിരുന്നു. ലോണില്‍ സെല്‍റ്റ വിഗോക്ക് കളിച്ച റഫീഞ്ഞ അല്‍കന്റാര, എവര്‍ട്ടനിലായിരുന്ന ജെറാര്‍ഡ് ഡെലോഫി എന്നിവരെയും ടീമിലേക്ക് തിരിച്ചുവിളിച്ചു.
പതിനെട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌പെയ്‌നില്‍ ലാ ലിഗ കിരീടം തിരിച്ചുപിടിച്ചതോടെയാണ് ബാഴ്‌സലോണ മുഖംമിനുക്കാന്‍ നടപടി കൈക്കൊണ്ടത്.