ബോസ്‌നിയയിലും സെര്‍ബിയയിലും 120 വര്‍ഷത്തിനിടയിലെ വലിയ വെള്ളപ്പൊക്കം

Posted on: May 21, 2014 12:10 am | Last updated: May 21, 2014 at 12:10 am

ലണ്ടന്‍: ബാള്‍ക്കന്‍ രാജ്യങ്ങളായ ബോസ്‌നിയയിലും സെര്‍ബിയയിലും ആറ് ദിവസമായി തുടരുന്ന ശക്തമായ വെള്ളപ്പൊക്കം ലക്ഷക്കണക്കിന് ജനങ്ങളെ ബാധിച്ചു. 120 വര്‍ഷത്തിന് ശേഷമുണ്ടായ വെള്ളപ്പൊക്കത്തിന്റെ കെടുതികളില്‍ നിന്ന് മോചനം നേടാന്‍ മാസങ്ങളെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മാസം 14ന് തുടങ്ങിയ മഴയിലും വെള്ളപ്പൊക്കത്തിലും ഇതിനകം 40 പേര്‍ മരിച്ചു. ഇരു രാജ്യങ്ങളിലുമായി 38 ലക്ഷം ജനങ്ങളെ ബാധിച്ചു. ലക്ഷം വീടുകളും 230 സ്‌കൂളുകളും നിരവധി ആശുപത്രികളും നശിച്ചു. ദശലക്ഷക്കണക്കിനാളുകള്‍ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണെന്ന് ബോസ്‌നിയയുടെ വിദേശകാര്യ മന്ത്രി സ്ലാച്‌കോ ലഗുംഷിച അറിയിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങളും ഖനികളും വെള്ളപ്പൊക്കത്തില്‍ നശിച്ചു.
യുറോപ്യന്‍ യൂനിയന്റെയും യു എസിന്റെയും റഷ്യയുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നൂറുകണക്കിനാളുകള്‍ ഉയര്‍ന്ന കെട്ടിടങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുകയാണ.് വെള്ളപ്പൊക്കത്തില്‍ ഗതാഗത സംവിധാനങ്ങള്‍ വ്യാപകമായി തകര്‍ന്നിട്ടുണ്ട്. ക്രോയേഷ്യയിലെ ഗ്രാമങ്ങളും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ക്കിരയായിയിട്ടുണ്ട്. നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.