പാക്കിസ്ഥാനിലെ പോളിയോ കുത്തിവെപ്പ് അമേരിക്ക അവസാനിപ്പിച്ചു

Posted on: May 21, 2014 12:07 am | Last updated: May 21, 2014 at 12:07 am

വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ നടത്തിവന്ന പോളിയോ കുത്തിവെപ്പ് പദ്ധതി അമേരിക്ക നിര്‍ത്തിവെച്ചു. പാക്കിസ്ഥാനില്‍ പോളിയോ കുത്തിവെപ്പ് പദ്ധതി സി ഐ എ ഇടപെടല്‍ മൂലം താളം തെറ്റിയിരുന്നു. ഉസാമ ബിന്‍ ലാദനെ കണ്ടെത്തുന്നതിന് സി ഐ എ വ്യാജ കുത്തിവെപ്പ് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോളിയോ വാക്‌സിനേഷന്‍ നടത്തരുതെന്ന് തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. തങ്ങളുടെ ഇടപെടല്‍ മൂലം ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനാലാണ് വാക്‌സിനേഷനില്‍ നിന്ന് അമേരിക്ക പിന്‍മാറിയതെന്നാണ് സൂചന. മാര്‍ച്ചില്‍ ഖൈബര്‍ പഖ്തൂണ്‍ഖയില്‍ പോലീസ് സുരക്ഷയിലുള്ള പോളിയോ സംഘത്തിന് നേരെ നടന്ന ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2012 ഡിസംബറില്‍ പോളിയോ പദ്ധതിയുമായി ബന്ധപ്പെട്ട് 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സി ഐ എ ഡയറക്ടര്‍ ജോണ്‍ ബ്രെന്നന് ഈ മാസം 16ന് വൈറ്റ് ഹൗസ് അസിസ്റ്റന്റ് ലിസ മൊനാക്കോ അയച്ച കത്തില്‍ പോളിയോ പദ്ധതി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഡി എന്‍ എ സാമ്പിള്‍ പരിശോധനയും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ ക്യാമ്പയിനിന് നേതൃത്വം നല്‍കിയ പാക്കിസ്ഥാന്‍ ഡോക്ടര്‍ ശക്കീല്‍ അഫ്രീദി, സി ഐ എയുമായി സഹകരിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു.