Connect with us

International

തായ്‌ലന്‍ഡില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു

Published

|

Last Updated

ബാങ്കോക്ക്: രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിക്കുന്ന തായ്‌ലന്‍ഡില്‍ സൈന്യം പട്ടാള നിയമം ഏര്‍പ്പെടുത്തി. ക്രമസമാധാനം പരിരക്ഷിക്കാനാണ് ഇതെന്നും ഭരണ അട്ടിമറിയല്ലെന്നും സൈന്യം അറിയിച്ചു. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ആക്രമണം അരുതെന്നും കാവല്‍ പ്രധാനമന്ത്രി സൈന്യത്തോട് ആവശ്യപ്പെട്ടു. ബാങ്കോക്കില്‍ ടെലിവിഷന്‍, റേഡിയോ കേന്ദ്രങ്ങള്‍ എന്നിവ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. റോഡുകളില്‍ പലയിടത്തും തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
സൈനിക നടപടി സര്‍ക്കാര്‍ അനുകൂലികളെ പ്രകോപിപ്പിക്കുമെന്നും അത് സമ്പൂര്‍ണ അട്ടിമറിയിലേക്ക് എത്തുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. 1932ന് ശേഷം ഇതുവരെ 11 സൈനിക അട്ടിമറികള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. ഇരുപക്ഷവും ചര്‍ച്ചകള്‍ നടത്തി പ്രതിസന്ധി പരിഹരിക്കണമെന്ന് സൈനിക മേധാവി പ്രായുഥ് ചാന്‍- ഓഛ ആവശ്യപ്പെട്ടു. ക്രമസമാധാന നില കൈവരിക്കുന്നത് വരെ പട്ടാള നിയമം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തെ പ്രധാന ഭരണ കാര്യാലയത്തിലേക്ക് പട്ടാളക്കാര്‍ നീങ്ങിയിട്ടുണ്ട്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി മാധ്യമ സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തി. പ്രകടനം നടത്തരുതെന്ന് എല്ലാ കക്ഷികള്‍ക്കും നിര്‍ദേശം നല്‍കി. പൊതുജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും അറിയിച്ചിട്ടുണ്ട്.
സൈനിക നടപടി കാരണം ഓഹരി വിപണിയും തായ് കറന്‍സി ബഹ്തും തകര്‍ന്നടിഞ്ഞു. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിയില്‍ തായ്‌ലന്‍ഡിലെ ഏറ്റവും വലിയ നിക്ഷേപകരായ ജപ്പാന്‍ വലിയ ആശങ്ക പങ്കുവെച്ചു. സൈനിക തീരുമാനം അറിയിച്ചില്ലെന്നും ഭരണം തുടരുമെന്നും ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു. പട്ടാള നിയമം സര്‍ക്കാറിനെ ബാധിക്കില്ലെന്ന് സൈനിക വക്താവ് അറിയിച്ചു. അധികാര ദുര്‍വിനിയോഗ കേസില്‍ യിംഗ്‌ലക് ഷിനവത്രയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കോടതി പുറത്താക്കിയതിനെ തുടര്‍ന്നാണ് ഭരണപ്രതിസന്ധി ഉടലെടുത്തത്. കഴിഞ്ഞ നവംബര്‍ മുതല്‍ രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തവുമാണ്.

---- facebook comment plugin here -----

Latest