Connect with us

Ongoing News

ആനക്കൊമ്പ്‌ശേഖരത്തിന് സുരക്ഷാ ഭീഷണി: റിപ്പോര്‍ട്ട്് വനം വകുപ്പ് അവഗണിക്കുന്നു

Published

|

Last Updated

പത്തനംതിട്ട: വനം വകുപ്പിന്റെ പക്കലുള്ള കോടികള്‍ വില മതിക്കുന്ന ആനകൊമ്പ് ശേഖരത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് വനം വകുപ്പ് അവഗണിക്കുന്നു. കേരളത്തിലെ വനമേഖലയില്‍ നിന്നും നാട്ടാനകളില്‍ നിന്നും ലഭിച്ചിട്ടുള്ള മൂന്ന് ടണ്ണിലധികം ആനക്കൊമ്പുകളാണ് വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ചിരുക്കുന്നത്. ആനക്കൊമ്പ് ശേഖരിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായി നേരത്തെ വനം വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേ സമയം ഇവ സംരക്ഷിക്കുന്നതിന് ഭീമമായ തുക ബാധ്യതയാകുന്നത് കണക്കിലെടുത്ത്് അധികൃതര്‍ കൊമ്പുകള്‍ കത്തിച്ചു കളയാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. കേരളത്തിലെ 116 റേഞ്ച് ഓഫീസുകളില്‍ നിന്ന് ശേഖരിച്ച ആനക്കൊമ്പുകള്‍ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളുടെ കണക്കുകള്‍ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. നേരത്തെ ഇവ ലേലം ചെയ്തു വില്‍ക്കുകയായിരുന്നു പതിവ്. കരകൗശല നിര്‍മാണത്തിനും ആയുര്‍വേദ മരുന്നു നിര്‍മാണത്തിനുമായിരുന്നു ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത്. 1986ല്‍ വനം, വന്യ ജീവി നിയമം ഭേദഗതി ചെയ്തതോടെ രാജ്യത്ത് ആനക്കൊമ്പ് വില്‍ക്കുന്നതും സൂക്ഷിക്കുന്നതും കുറ്റകരമായതോടെ ലേലം ചെയ്യുന്നത് നിര്‍ത്തലാക്കി. ഇതോടെ ചെരിയുന്ന നാട്ടാനകളുടെ കൊമ്പുകള്‍ വനം വകുപ്പ് ഏറ്റെടുക്കാന്‍ തുടങ്ങി.
ഇവ മണ്ണില്‍ കുഴിച്ചിട്ട് മാംസം വേര്‍പ്പെടുത്തിയ ശേഷം ഡിപ്പോകള്‍ക്ക് കൈമാറുകയായിരുന്നു പതിവ്. എന്നാല്‍ കുഴിച്ചിട്ട പല കൊമ്പുകളും മോഷണം പോയ സ്ഥിതിയാണ് ഉണ്ടായത്. ഇത്തരത്തില്‍ ഏഴ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനക്കൊമ്പ് ശേഖരമുള്ളത് പറമ്പിക്കുളത്താണ്. 1583 കിലോ ആനക്കൊമ്പുകളാണ് ഇവിടെ സൂക്ഷിച്ചിരക്കുന്നത്.
എന്നാല്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും ഇവിടെ ഒരുക്കിയിട്ടില്ല. കണ്ണൂര്‍, തൃശൂര്‍, കോട്ടയം, പാലക്കാട്, കൊല്ലം ഡിപ്പോകളിലായി 2922 കിലോ ആനക്കൊമ്പുകളാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ വനം വകുപ്പിന്റെ രേഖകള്‍ കമ്പ്യൂട്ടര്‍ വത്കരണത്തിന് ശേഷമുള്ള കണക്കുകളാണ് ഇപ്പോഴുള്ളത്. ഇതിന് മുമ്പ് കൊമ്പുകളുടെ എണ്ണം തിട്ടപ്പെടുത്തിയ രജിസ്റ്റര്‍ കാണാതായതും ആനക്കൊമ്പുകള്‍ ഇതില്‍ കൂടുതല്‍ ഉണ്ടെന്ന സൂചനയാണ് നല്‍കുന്നത്.