Connect with us

Ongoing News

രണ്ട് ഡ്രൈവര്‍മാര്‍ക്ക് 14 വര്‍ഷം വീതം കഠിന തടവ്

Published

|

Last Updated

തൃശൂര്‍: വാടാനപ്പള്ളി തൃത്തല്ലൂരില്‍ സ്വകാര്യ ബസ്് ലോറിയില്‍ ഇടിച്ച് ~ഒമ്പത് പേര്‍ മരിക്കുകയും 11പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്ക് 14 വര്‍ഷം വീതം കഠിന തടവും 5 ലക്ഷത്തി പതിനൊന്നായിരം രൂപ വീതം പിഴയും വിധിച്ചു.
2003 ഫെബ്രുവരി 4 നാണ് അപകടം. ബസ്, ലോറി ഡ്രൈവര്‍മാരായ കോട്ടയം പനച്ചിക്കാലയില്‍ ജോസി ചെറിയാന്‍(43) കാസര്‍കോട് വെള്ളരിക്കുണ്ട് മേലേതില്‍ റജിമോന്‍(38) എന്നിവരെയാണ് ജില്ലാ അഡീഷനല്‍ ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്. ലോറി ഡ്രൈവര്‍ മൂവാറ്റുപുഴ കാപ്പ വടക്കേടത്ത് അബ്ബാസിന് മൂന്ന് വര്‍ഷം തടവും 15,000രൂപ പിഴയും വിധിച്ചു. അനുവദനീയമായ റൂട്ടില്‍ നിന്ന് മാറി അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചു യാത്രക്കാരെ മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് കുറ്റം. വാടാനപ്പിള്ളി പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ മോട്ടാര്‍ വാഹന ചട്ടത്തിലെ വകുപ്പുകള്‍ പ്രകാരം ഉയര്‍ന്ന ശിക്ഷയാണ് നല്‍കിയത്.
മാനന്തവാടിയില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട ചെറിയാന്‍ മോട്ടോഴ്‌സ് ബസ് തടി കയറ്റി വന്ന ലോറിയില്‍ പുലര്‍ച്ചെ ഇടിച്ചാണ് അപകടം.
അമിത വേഗതയില്‍ അശ്രദ്ധമായി വണ്ടി ഓടിച്ചതിന് ബസ്, ലോറി ഡ്രൈവര്‍മാര്‍ക്ക് എതിരെ പ്രത്യേകം കേസുണ്ടായിരുന്നു. ബസിലെ യാത്രക്കാര്‍ ഓവര്‍ സ്പീഡ് നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ പോയാല്‍ നമ്മള്‍ കോട്ടയത്ത് എത്തില്ലെന്ന് ചിലര്‍ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ബസ് ഡ്രൈവര്‍ ജോസ് ചെറിയാന്‍ അതെല്ലാം അവഗണിച്ചു. കൂട്ടുഡ്രൈവര്‍ റെജിമോന്‍ സ്പീഡ് കൂട്ടാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നുവെന്ന് യാത്രക്കാര്‍ മൊഴി നല്‍കിയത് കോടതി വിശ്വസിച്ചു.
മനപ്പൂര്‍വം യാത്രക്കാരെ കൊന്നുവെന്ന തരത്തില്‍ അപൂര്‍വത്തില്‍ അപൂര്‍വമായ കേസായി കോടതി പരിഗണിച്ച് പരമാവധി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest