പാലക്കാട്ടെ തോല്‍വി പഠിക്കാന്‍ യു ഡി എഫ് സമിതി

Posted on: May 21, 2014 12:52 am | Last updated: May 20, 2014 at 11:52 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന് കനത്ത തോല്‍വി നേരിട്ടതിനെക്കുറിച്ച് പരിശോധിക്കാന്‍ യു ഡി എഫ് ഉപസമിതിയെ നിയോഗിച്ചു. കോണ്‍ഗ്രസ് ജയിക്കുമായിരുന്ന മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പഠിക്കുന്നത് സംബന്ധിച്ച് കെ പി സി സി നിര്‍വാഹക സമിതി യോഗം തീരുമാനമെടുക്കും. പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ ആര്‍ ബാലകൃഷ്ണ പിള്ള ചെയര്‍മാനായും പി പി തങ്കച്ചന്‍ കണ്‍വീനറും കെ പി എ മജീദ്, ജോയ് എബ്രാഹം, ഷെയ്ഖ് പി ഹാരിസ്, ജോണി നെല്ലൂര്‍, എ എ അസീസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയെയാണ് നിയോഗിച്ചത്. തോല്‍വി സംബന്ധിച്ച് പഠിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശമെന്ന് യോഗത്തിന് ശേഷം കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. എസ് ജെഡി യുടെ ആവശ്യപ്രകാരമാണ് ഉപസമിതിയെ നിയോഗിച്ചത്.
തൃശൂര്‍, ചാലക്കുടി, പാലക്കാട്, ഇടുക്കി സീറ്റുകളില്‍ കൂടി ജയിക്കാന്‍ കഴിയുമായിരുന്നുവെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തുടനീളം ബി ജെ പിക്കും നോട്ടക്കും വോട്ട് കൂടുതലായി ലഭിച്ചത് പരിശോധിക്കപ്പെടണം. എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ആംആദ്മി പോലെ ചില സംഘടനകളിലേക്കും വോട്ട് ചോര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.