ഈ വര്‍ഷം പുതിയ പ്ലസ്ടു സ്‌കൂള്‍ അനുവദിക്കേണ്ടെന്ന് തീരുമാനം

Posted on: May 21, 2014 12:51 am | Last updated: May 20, 2014 at 11:52 pm

തിരുവനന്തപുരം: പുതിയ പ്ലസ്ടു സ്‌കൂളുകള്‍ ഈ വര്‍ഷം അനുവദിക്കേണ്ടതില്ലെന്ന് യു ഡി എഫ് യോഗത്തില്‍ തീരുമാനം. സ്‌കൂളുകള്‍ അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്ന ആക്ഷേപമുയരുകയും സാമ്പത്തിക ബാധ്യത വര്‍ധിക്കുമെന്ന് ധന വകുപ്പ് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലുമാണ് തീരുമാനം. എത്ര സ്‌കൂള്‍ പുതുതായി അനുവദിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാറില്‍ ഭിന്നതയും നിലനിന്നിരുന്നു. എന്നാല്‍, ആവശ്യാനുസരണം നിലവിലുള്ള സ്‌കൂളുകളില്‍ അധിക ബാച്ച് അനുവദിക്കാന്‍ നിര്‍ദേശം നല്‍കി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

134 പഞ്ചായത്തുകളില്‍ ഈ വര്‍ഷം പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കണമെന്നാണ് ഇതിനായി നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ശിപാര്‍ശ ചെയ്തിരുന്നത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം അടുത്ത അധ്യയന വര്‍ഷം പുതിയ പ്ലസ്ടു സ്‌കൂളുകള്‍ തുടങ്ങുമെന്ന് യോഗത്തിനു ശേഷം കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ 85,000 ഓളം സീറ്റുകളുടെ പോരായ്മയുണ്ടെന്നാണ് ഏകദേശ കണക്ക്. സംസ്ഥാനത്തെ 134 പഞ്ചായത്തുകളില്‍ പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്നതിന് പുറമെ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള എട്ട് ജില്ലകളിലെ 98 ഹൈസ്‌കൂളുകള്‍ പ്ലസ്ടുവായി ഉയര്‍ത്താനും മന്ത്രിസഭാ ഉപസമിതി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ധനമന്ത്രി കെ എം മാണി പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതിനെ യോഗത്തില്‍ ശക്തമായി എതിര്‍ത്തു.
സ്‌കൂളുകള്‍ അനുവദിക്കുന്നത് സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നായിരുന്നു ധനമന്ത്രിയുടെ വാദം. രൂക്ഷമായ തര്‍ക്കമുടലെടുത്തതോടെ പുതിയ സ്‌കൂളുകള്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കേണ്ടതില്ലെന്ന് യോഗത്തില്‍ ധാരണയായി. വിശദമായ ചര്‍ച്ചക്കു ശേഷം അടുത്ത വര്‍ഷം ഇക്കാര്യം പരിഗണിക്കാനാണ് തീരുമാനം.
പ്ലസ്ടു ഇല്ലാത്ത 148 പഞ്ചായത്തുകളിലും പുതിയ സ്‌കൂള്‍ അനുവദിക്കാനായിരുന്നു നേരത്തെ നീക്കം നടന്നത്. പക്ഷേ, ഒരു മാനദണ്ഡവുമില്ലാതെ ചോദിക്കുന്ന എല്ലാവര്‍ക്കും പ്ലസ്ടു നല്‍കാനുള്ള ശ്രമം വിവാദമായതിനെ തുടര്‍ന്ന് തീരുമാനം ഉപേക്ഷിച്ചു. ഒടുവില്‍ എസ് എസ് എല്‍ സിക്ക് അമ്പത് വിദ്യാര്‍ഥികളെങ്കിലും ജയിക്കാത്ത സ്‌കൂളുകളെ ഒഴിവാക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുകയായിരുന്നു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ നിലവിലുള്ള ഹയര്‍ സെക്കന്‍ഡറികളില്‍ ഒന്ന് വീതമെന്ന നിലയില്‍ ആകെ 186 ബാച്ചുകള്‍ അനുവദിക്കണമെന്നും ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉപസമിതിയാണ് പട്ടിക തയ്യാറാക്കിയത്.