ആറ് ആന്ധ്രാ സ്വദേശികള്‍ ആയുധവുമായി പിടിയില്‍

Posted on: May 21, 2014 12:50 am | Last updated: May 20, 2014 at 11:51 pm

തിരുവനന്തപുരം: തമ്പാനൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറംഗ സംഘം പിടിയിലായി. ആന്ധ്രയിലെ വാറങ്കല്‍ സ്വദേശികളായ സുരേഷ് മാജി (45), പങ്ക രവി (32), രമേശ് (38), സോമയ്യ (35), എല്ലേഷ് (38), കുമാരസ്വാമി (28) എന്നിവരാണ് നഗരമധ്യത്തിലെ ലോഡ്ജില്‍ നിന്ന് പിടിയിലായത്. ഇവരുടെ കൈയില്‍ നിന്ന് തോക്കും തിരകളും ഒന്നര ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. വാറങ്കലിലെ ടി ആര്‍ എസ് നേതാവ് കൊമ്പൂരി രാമലുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായതെന്നാണ് നിഗമനം.
ഡി സി പി അജിതാ ബീഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉച്ച കഴിഞ്ഞ് തമ്പാനൂര്‍ സി ഐ ഖമറുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോഡ്ജില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ പിടിയിലായ ഇവര്‍ കേരളം കാണാനെത്തിയവരാണെന്നാണ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഇവരില്‍ നിന്ന് തോക്കും തിരകളും കണ്ടെത്തിയതോടെ ചോദ്യം ചെയ്യലില്‍ ഇവര്‍ മാവോയിസ്റ്റ് ബന്ധം സമ്മതിക്കുകയായിരുന്നു. വാറങ്കലില്‍ മറ്റൊരു മാവോയിസ്റ്റ് കൊന്ന ശേഷം ഒളിവില്‍ താമസിക്കാനാണ് തലസ്ഥാനത്തെത്തിയതെന്നും ഇവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമലുവിന്റെ കൊലപാതകവുമായി ഇവര്‍ക്കു ബന്ധമുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.
ഈ മാസം പതിനൊന്നിനാണ് രാമലു കൊല്ലപ്പെട്ടത്. സി പി ഐ മാവോയിസ്റ്റ് മുന്‍ തലവന്‍ കെ സാമ്പശിവുഡുവിന്റെ സഹോദരനാണ് രാമുലു. സാംബശിവുഡുവും മുമ്പ് നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ ആറ് പേരില്‍ രണ്ട് പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ എച്ച് വെങ്കിടേഷ് വ്യക്തമാക്കി. 2008ല്‍ ഇവരില്‍ രണ്ട് പേര്‍ നക്‌സല്‍ സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നെന്നും പിന്നീട് ബന്ധം ഉപേക്ഷിച്ചെന്നുമാണ് ഇവര്‍ പോലീസിനു നല്‍കിയ മൊഴി. തിങ്കളാഴ്ച ഉച്ചയോടെ ആന്ധ്രയില്‍ നിന്നുള്ള ബസിലാണ് സംഘം തലസ്ഥാനത്ത് എത്തിയത്. കേരളത്തിലെത്തിയതിനു പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോയെന്നതടക്കമുള്ള വിവരങ്ങള്‍ക്കായി ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി നന്ദാവനം എ ആര്‍ ക്യാമ്പിലേക്കു മാറ്റി.
കേരള പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ആന്ധ്രാ പോലീസിന്റെ പ്രത്യേക സംഘം ഇന്ന് സംസ്ഥാനത്തെത്തി സംഘത്തെ കസ്റ്റഡിയിലെടുക്കാനാണ് സാധ്യത. കേരളത്തില്‍ ഇവര്‍ക്കെതിരെ മറ്റ് കേസുകള്‍ നിലവിലില്ലാത്തതിനാല്‍ ആയുധം കൈവശം വച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത് ആന്ധ്രാ പോലീസിന് കൈമാറാനാണ് സാധ്യത.