സര്‍ക്കാറുണ്ടാക്കാന്‍ മോദിയെ രാഷ്ട്രപതി ക്ഷണിച്ചു: സത്യപ്രതിജ്ഞ 26ന്‌

Posted on: May 21, 2014 12:47 am | Last updated: May 22, 2014 at 6:49 pm

20-1400586199-modi-pranab3ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ബി ജെ പിക്ക് കേന്ദ്രത്തില്‍ കേവല ഭൂരിപക്ഷം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നരേന്ദ്ര മോദി തിങ്കളാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 26ന് വൈകീട്ട് ആറിന് രാഷ്ട്രപതി ഭവനിലെ അങ്കണത്തിലായിരിക്കും പതിനഞ്ചാമത് പ്രധാനമന്ത്രിയായി മോദിയുടെ സത്യപ്രതിജ്ഞ. ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി മോദിയെ ഔദ്യോഗികമായി തിരഞ്ഞെടുത്തതോടെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയായി മോദിയെ നിയമിച്ച രാഷ്ട്രപതി, പുതിയ മന്ത്രിമാരുടെ വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയായി നിയമിച്ചു കൊണ്ട് രാഷ്ട്രപതി നല്‍കിയ ഔദ്യോഗിക കത്ത് ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് രാഷ്ട്രപതി ഭവന് മുന്നില്‍ മോദി മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.

രാഷ്ട്രപതി ഭവനിലെത്തിയ മോദിയെ പ്രണാബ് മുഖര്‍ജി പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിനെ രാഷ്ട്രപതി അഭിനന്ദിച്ചു. രാഷ്ട്രപതിയുമായി മോദി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെയും എന്‍ ഡി എ വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ എല്‍ കെ അഡ്വാനിയുടെയും നേതൃത്വത്തിലുള്ള നേതാക്കള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.
മോദിയെ നേതാവായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രിയാകാന്‍ മോദിയെ ക്ഷണിക്കണമെന്നും സംഘം രാഷ്ട്രപതിയെ അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ നടന്ന ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഏകകണ്ഠമായാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തതെന്നും എല്ലാ ഘടക കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തതായും ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു. എന്‍ ഡി എ ഘടക കക്ഷികളായ പത്ത് പാര്‍ട്ടികളാണ് ബി ജെ പിക്ക് പിന്തുണ നല്‍കുന്നതെന്നും ലോക്‌സഭയില്‍ 335 എം പിമാരുടെ പിന്തുണയുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗമാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. പാര്‍ലമെന്റിന്റെ ആദ്യ പടിയില്‍ വന്ദിച്ചാണ് മോദി ഹാളിലേക്ക് കയറിയത്. അനുമോദിക്കാനെത്തിയ അഡ്വാനിയുടെ കാലില്‍ തൊട്ട് വന്ദിച്ച് മോദി അനുഗ്രഹം തേടുകയും ചെയ്തു. എല്‍ കെ അഡ്വാനിയാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. മുരളി മനോഹര്‍ ജോഷി, വെങ്കയ്യ നായിഡു, നിതിന്‍ ഗാഡ്കരി, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി പിന്താങ്ങി. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു പാര്‍ലിമെന്റ് സെന്‍ട്രല്‍ ഹാള്‍ ഇന്നലെ വേദിയായത്. മോദിയുടെ കരുണ കൊണ്ടാണ് ഈ വിജയമെന്ന് അഡ്വാനി പറഞ്ഞതിനെ തിരുത്തി പാര്‍ട്ടി തനിക്ക് മാതാവിനെ പോലെയാണ്, പാര്‍ട്ടിയാണ് തനിക്ക് എല്ലാം തന്നത് എന്ന് പറഞ്ഞ് പ്രസംഗത്തിനിടെ മോദി വികാരാധീനനായി. ചരിത്രപരമായ നിമിഷം എന്നാണ് രാജ്‌നാഥ് സിംഗ് ചടങ്ങിനെ വിശേഷിപ്പിച്ചത്.
543 അംഗ ലോക്‌സഭയില്‍ 282 അംഗങ്ങളാണ് ബി ജെ പിക്കുള്ളത്. ഇതാദ്യമായാണ് കോണ്‍ഗ്രസിതര പാര്‍ട്ടി ലോക്‌സഭയില്‍ തനിച്ച് കേവല ഭൂരിപക്ഷം നേടുന്നത്.