കോടതി പതിച്ച സ്റ്റിക്കര്‍ പറിച്ചുകളഞ്ഞു; പിഴയടക്കാന്‍ വിധിച്ചത് രണ്ടര ദിര്‍ഹം

Posted on: May 20, 2014 8:17 pm | Last updated: May 20, 2014 at 8:17 pm

ദുബൈ: കോടതി പതിച്ച സ്റ്റിക്കര്‍ പറിച്ചുകളഞ്ഞതിന് ദുബൈ ക്രിമിനല്‍ കോടതി ചുമത്തിയ പിഴ രണ്ടര ദിര്‍ഹം! കേസില്‍ മൊത്തം നാലുപേരുണ്ട്. നാലുപേരും ഏഷ്യന്‍ വംശജരാണ്.
ഇലക്ട്രിക് വയറുകളും ചെമ്പുനിര്‍മിതമായ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസ് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍, കോടതി പതിച്ച സ്റ്റിക്കര്‍ ഇളക്കിമാറ്റിയത്. വെയര്‍ഹൗസിനെതിരെ നടത്തിയ ജപ്തിനടപടികളുടെ ഭാഗമായി കോടതി വെയര്‍ഹൗസിന്റെ പൂട്ടില്‍ ഒട്ടിച്ചിരുന്ന സ്റ്റിക്കറാണ് പ്രതികള്‍ പൊളിച്ചെടുത്തത്.
പൂട്ട്‌പൊളിച്ച് അകത്ത് കടന്ന പ്രതികള്‍ പക്ഷെ, മോഷണം നടത്തുന്നതിന് മുമ്പ് തന്നെ അതുവഴി എത്തിയ പോലീസ് പട്രോള്‍ സംഘത്തിന്റെ കണ്ണില്‍പെട്ടു പിടിയിലാവുകയായിരുന്നു. നാലുപേരുള്ള പ്രതികളുടെ സംഘത്തിന് മൊത്തം പിഴയായി ദുബൈ ക്രിമിനല്‍ കോടതി വിധിച്ചത് 10 ദിര്‍ഹമാണ്. അഥവാ ഒരാള്‍ക്ക് വെറും രണ്ടര ദിര്‍ഹം!.
പിഴ സംഖ്യക്കുപുറമെ പ്രതികള്‍ക്ക് ഓരോ വര്‍ഷം തടവും ശേഷം നാടുകടത്തലും കോടതി ശിക്ഷയായി വിധിച്ചിട്ടുണ്ട്.