ട്രക്കിന്റെ ടയര്‍ ഊരിത്തെറിച്ച് പരിസരത്തെ വീടിന്റെ ചുമര്‍ തകര്‍ന്നു

Posted on: May 20, 2014 7:43 pm | Last updated: May 20, 2014 at 7:43 pm

അജ്മാന്‍: ഓടിക്കൊണ്ടിരുന്ന ട്രക്കിന്റെ ടയര്‍ ഊരിത്തെറിച്ച് 35 മീറ്റര്‍ അകലെയുള്ള സ്വദേശിയുടെ വീടിന്റെ ചുമര്‍ തുളച്ച് മറിക്കകത്ത് പതിച്ചു.
അജ്മാന്‍ മനാമയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സഈദ് സുലൈമാന്‍ അല്‍ മസ്‌റൂഈ എന്ന സ്വദേശി താമസിക്കുന്ന വീടിന്റെ ചുമരിനാണ് ട്രക്കിന്റെ ടയര്‍ പതിച്ച് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത്.
രാവിലെ ഒമ്പതു മണിക്ക് വീടിന്റെ പൊതു നിരത്തിനോട് ചേര്‍ന്ന ഭാഗത്തെ മുറിയില്‍ എന്തോ പതിക്കുന്ന വലിയ ശബ്ദംകേട്ട് മുറിയില്‍ വന്നു നോക്കിയ സ്വദേശി ചുമര്‍ തകര്‍ത്ത് അകത്ത് കിടക്കുന്ന ടയര്‍ കാണുകയായിരുന്നു.
ടയര്‍ പതിച്ചത് കാരണം ഈ ഭാഗത്തെ ചുമര്‍ പൂര്‍ണമായും പൊളിഞ്ഞു വീഴാറായതായി സ്വദേശി പറഞ്ഞു. വീടിനു പുറത്തിറങ്ങിയ സഈദ് പരിസരത്ത് ഒന്നുമറിയാത്തമട്ടില്‍ ട്രക്കിന് പുതിയ ടയര്‍ ഘടിപ്പിക്കുന്ന ഡ്രൈവറെ കണ്ടു. ഉടന്‍ മനാമ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുന്ന സമയം മുറിയില്‍ ആളില്ലാത്തതിനാല്‍ മറ്റു ആളപായങ്ങളൊന്നും സംഭവിച്ചില്ല. 35 മീറ്റര്‍ ദൂരം പിന്നിട്ട ടയര്‍ മൂന്ന് മീറ്റര്‍ ഉയരത്തിലാണ് ചുമര്‍ തുളച്ചു അകത്ത് കയറിയതെന്ന് പോലീസ് പറഞ്ഞു.