ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങാന്‍ സൈന്യത്തോട് പുടിന്‍

Posted on: May 20, 2014 9:43 am | Last updated: May 20, 2014 at 5:47 pm

dpz-19myaba-04മോസ്‌കോ: ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങാന്‍ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ ഉത്തരവിട്ടു. റോസ്‌തോവ്, ബെല്‍ഗോറോദ്, ബ്ര്യാന്‍സ്‌ക് എന്നീ മേഖലകളിലുള്ള യൂനിറ്റുകളോടാണ് അവരുടെ സ്ഥിര കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, നേരത്തെയും ഇത്തരം നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നതായും എന്നാല്‍ സൈന്യം പിന്‍വാങ്ങിയില്ലെന്നും നാറ്റോ മേധാവി ആന്‍ഡേഴ്‌സ് ഫോഗ് റാസ്മുസന്‍ കുറ്റപ്പെടുത്തി. നാല്‍പ്പതിനായിരത്തോളം വരുന്ന സൈനികര്‍ പിന്‍വാങ്ങുന്നത് ഉക്രൈന്‍ പ്രതിസന്ധിയെ ലഘൂകരിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
സാധാരണ പരിശീലനത്തില്‍ മാത്രമാണ് സൈന്യം ഏര്‍പ്പെട്ടിരുന്നതെന്നാണ് റഷ്യന്‍ പ്രതിരോധ വക്താക്കള്‍ പറയുന്നത്. എത്ര സൈനികരെയാണ് പിന്‍വലിച്ചതെന്നോ ഇത് എന്ന് പ്രാബല്യത്തില്‍ വരുമെന്നോ വ്യക്തമല്ല. ഉക്രൈന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രഥമ സംഭാവനയാകും സൈനിക പിന്‍മാറ്റമെന്ന് നാറ്റോ പ്രതികരിച്ചു.
അതേസമയം, കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ അനുകൂല പ്രക്ഷോഭകരും ഉക്രൈന്‍ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഡൊനേറ്റ്‌സ്‌ക് മേഖലയിലെ സ്ലൊവ്യാന്‍സ്‌കില്‍ ചെക്ക്‌പോയിന്റിന് സമീപം പ്രക്ഷോഭകര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഉക്രൈന്‍ സൈനികന്‍ കൊല്ലപ്പെട്ടു.
ഉക്രൈന്‍ സൈന്യത്തിന്റെ വിധ്വംസക നടപടികള്‍ അവസാനിപ്പിക്കണമെന്നും സൈനികരെ പിന്‍വലിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ ചാനലായ ലൈഫ് ന്യൂസിന്റെ മാധ്യമ പ്രവര്‍ത്തകരെ തടവിലാക്കിയതിനെ റഷ്യ അപലപിച്ചു. ക്രാമതോഴ്‌സ്‌കില്‍ വെച്ച് ഞായറാഴ്ചയാണ് ഇവരെ ഉക്രൈന്‍ സൈന്യം അറസ്റ്റ് ചെയ്തത്. ഇവരുടെ മോചനത്തിന് ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കൊ ഓപറേഷന്‍ ഇന്‍ യൂറോപ്പി(ഒ എസ് സി ഇ)ന്റെ സഹായം റഷ്യ തേടിയിട്ടുണ്ട്. ഉക്രൈനിന്റെ പേരില്‍ റഷ്യക്കും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് പുനരാലോചന അനിവാര്യമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.