Connect with us

Editorial

മുസ്‌ലിം പ്രാതിനിധ്യം താഴോട്ട്

Published

|

Last Updated

പതിമൂന്നര ശതമാനത്തോളം വരുന്ന രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ ലോക്‌സഭാ പ്രാതിനിധ്യം 4.06 ശതമാനമായി കുറഞ്ഞുവെന്നത് മുസ്‌ലിം നേതൃത്വത്തിന്റെയും പാര്‍ട്ടികളുടെയും സജീവ ചിന്തക്ക് വിഷയീഭവിക്കേണ്ടതുണ്ട്. 543 അംഗ ലോക്‌സഭയില്‍ ഇത്തവണ 24 മുസ്‌ലിം പ്രതിനിധികള്‍ മാത്രമാണുള്ളത്. വോട്ടര്‍മാരുടെ 30 ശതമാനത്തിലധികവും മുസ്‌ലിംകളുള്ള 46 മണ്ഡലങ്ങളുണ്ട് രാജ്യത്ത്. മുസ്‌ലിംകളുടെ മനോഗതി വിധിനിര്‍ണയിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 110 എങ്കിലും വരും. എന്നിട്ടും ഒരു തിരഞ്ഞെടുപ്പിലും ജനസംഖ്യാനുപാതികമായി പ്രതിനിധികളെ സഭകളിലെത്തിക്കാന്‍ ഈ സമുദായത്തിന് സാധിച്ചിട്ടില്ല. കൂടുതല്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയ സമാജ് വാദി പാര്‍ട്ടിയുടെ പരാജയവും കോണ്‍ഗ്രസിന്റെ തകര്‍ച്ചയുമാണ് ഈ പ്രാതിനിധ്യക്കുറവിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ഏഴാം ലോക്‌സഭയും എട്ടാം ലോക്‌സഭയും ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാറ്റിലും അന്‍പത് ശതമാനത്തിന് താഴെയോ തൊട്ടു മുകളിലോ ആണ് മുസ്‌ലിംപ്രാതിനിധ്യമെന്ന വസ്തുത പരിഗണിക്കുമ്പോള്‍, ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ പരാജയത്തിലോ തകര്‍ച്ചയിലോ മാത്രം പ്രശ്‌നം ഒതുങ്ങുന്നില്ല. സമുദായത്തിലെ സംഘടിത പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമായ അവബോധമില്ലായ്മയും, മുസ്‌ലിം വോട്ടുകള്‍ സമാഹരിക്കുന്നതില്‍ സാമുദായിക പാര്‍ട്ടികള്‍ക്ക് സംഭവിച്ച പരാജയവും, അതിലുപരി സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സമുദായത്തോട് മതേതര പ്രസ്ഥാനങ്ങള്‍ കാണിക്കുന്ന അവഗണനയുമൊക്കെ ഇതിന്റെ പ്രധാന ഘടങ്ങളാണ്. മോദിയുടെ നേതൃത്വത്തില്‍ കോര്‍പറേറ്റുകളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും സഹകരണത്തോടെ ഹിന്ദുത്വ ശക്തികള്‍ സര്‍വസന്നാഹത്തോടെയും രംഗത്തിറങ്ങിയിട്ടും, അവരെ ചെറുക്കുന്നതിന് പ്രായോഗികമായ മാര്‍ഗമെന്തെന്ന് ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യാനോ സമുദായത്തിന് ഇക്കാര്യത്തില്‍ ദിശാബോധം നല്‍കാനോ മുസ്‌ലിം നേതൃത്വത്തിനായില്ലെന്നത് അക്ഷന്തവ്യമായ അനാസ്ഥയാണ്. തങ്ങളുടെ സങ്കുചിതമായ സംഘടനാ താത്പര്യങ്ങളും അധികാര മോഹങ്ങളും സംരക്ഷിക്കുകയും നേടിയെടുക്കുകയും ചെയ്യുന്നതിലുപരി നിലവില്‍ രംഗത്തുള്ള പാര്‍ട്ടികള്‍ക്കൊന്നും സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാനാകുന്നില്ല.
മതേതര പാര്‍ട്ടികളുടെ നിലപാടാണ് ഏറെ പരിതാപകരം. ഹിന്ദുത്വ സംഘടനകളും പാര്‍ട്ടികളും മറ്റെല്ലാ ഭിന്നതകള്‍ക്കും താത്കാലിക വിരാമം നല്‍കി ഭൂരിപക്ഷ വര്‍ഗീയ വോട്ടുകളുടെ കേന്ദ്രീകരണത്തിലും മതേതര വോട്ടുകള്‍ ചോര്‍ത്തുന്നതിലും ശ്രദ്ധയൂന്നിയപ്പോള്‍, വര്‍ഗീയവിരുദ്ധ വോട്ടുകള്‍ ഏകോപിപിക്കുന്നതില്‍ മതേതര പാര്‍ട്ടികള്‍ പരാജപ്പെടുകയായിരുന്നു. ഏറ്റവുമധികം മുസ്‌ലിം വോട്ടുകളുള്ള യു പിയില്‍ മതേതര വിശ്വാസികള്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും പുതുതായി രംഗത്തുവന്ന ആം ആദ്മിയുമെല്ലാം വേറിട്ടാണ് മത്സരിച്ചത്. മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ പശ്ചിമ ബംഗാള്‍, അസം, ആന്ധ്രപ്രദേശ്, ബീഹാര്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മതേതര കക്ഷികള്‍ പരസ്പരം ഏറ്റുമുട്ടി. ആരെ പിന്തുണക്കണമെന്നറിയാതെ മുസ്‌ലിം വോട്ടര്‍മാര്‍ പകച്ചുനിന്നു. ഈ അന്ധാളിപ്പ് താമര ചിഹ്നത്തില്‍ –വരെ അവരുടെ വോട്ടുകളെത്തിച്ചുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മുസ്‌ലിം വോട്ടുകളില്‍ ഒമ്പത് ശതമാനം ബി ജെ പിക്കാണ് ലഭിച്ചത് എന്ന് നിഗമനം.
2004 ലെയും 2009ലെയും തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതില്‍ മുസ്‌ലിം വോട്ടുകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. എന്നാല്‍ സമുദായം തങ്ങളിലര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തുന്നതിന് സഹായമായ സമീപനമല്ല തിരിച്ചു കോണ്‍ഗ്രസില്‍ നിന്നുണ്ടായത്. മുസ്‌ലിം ജനവിഭാഗത്തിന്റെ സവിശേഷ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനോ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനോ സ്ഥാനാര്‍ഥി പട്ടികയില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നല്‍കുന്നതിനോ മൃദുഹിന്ദുത്വ സമീപനം കോണ്‍ഗ്രസിന് വിലങ്ങു തടിയായി. 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേവലം 29 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മാത്രമാണ് കോണ്‍ഗ്രസ് പട്ടികയിലുണ്ടായിരുന്നത്. മുസ്‌ലിംകളെച്ചൊല്ലി മുതലക്കണ്ണീരൊഴുക്കുന്ന ഇടതുപക്ഷത്തിന്റെയും സ്ഥിതി ഭിന്നമല്ല. മതേതര കക്ഷികളുടെ ഈ സമീപനത്തില്‍ മാറ്റം വരുത്തണമെങ്കില്‍ സമുദായ നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. പക്ഷേ അത്തരമൊരു നേതൃത്വമെവിടെ? മുസ്‌ലിം രാഷ്ട്രീയം ഇന്നഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നം ബുദ്ധിപരമായും പ്രായോഗിമായും നയിക്കാന്‍ കഴിവുള്ള ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ്. ജനാധിപത്യത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം വോട്ടാണെന്നിരിക്കെ, മുസ്‌ലിം വോട്ടുബേങ്ക് ഒരു വിലപേശല്‍ ശക്തിയായി കേന്ദ്രീകരിക്കുന്നതിന് പ്രാപ്തമായ നേതൃത്വത്തിന് വേണ്ടി കാത്തിരിക്കയാണ് ഇന്ത്യന്‍ മുസ്‌ലികള്‍.