മെര്‍സ് കൊറോണ വൈറസ്: കേരളത്തിലും ജാഗ്രത

Posted on: May 20, 2014 6:28 am | Last updated: May 20, 2014 at 4:29 pm

തിരുവനന്തപുരം: സഊദി അറേബ്യയിലും ചില ഗള്‍ഫ് രാഷ്ട്രങ്ങളിലും മെര്‍സ് കൊറോണ വൈറസ് രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് രോഗനിരീക്ഷണത്തിനും പ്രതിരോധത്തിനും ചികിത്സക്കുമുളള തയാറെടുപ്പുകള്‍ ശക്തിപ്പെടുത്തി.
നിലവില്‍ സംസ്ഥാനത്ത് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്നവരില്‍ ശക്തമായ പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉളളവരെ പ്രത്യേകം നിരീക്ഷിക്കുന്നതിനും ചികിത്സക്കും വേണ്ട നിര്‍ദേശങ്ങള്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മറ്റോ ഉപയോഗിച്ച് വായും മൂക്കും മൂടുന്നത് മെര്‍സ് അടക്കമുളള ശ്വാസകോശരോഗങ്ങള്‍ പകരുന്നത് തടയും. കൂടാതെ രോഗലക്ഷണങ്ങളുളളവരുമായി അടുത്ത് ഇടപഴകുന്നവര്‍ ഇടക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ കഴുകണം. ഈ രോഗത്തെ കുറിച്ച് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.പി കെ ജമീല അറിയിച്ചു. കൊറോണ വൈറസ് രോഗബാധയെക്കുറിച്ച് ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. രോഗ നിര്‍ണയത്തിനും ചികിത്സക്കുമുള്ള സൗകര്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കാലരോഗ ചികിത്സക്കായുള്ള മരുന്നുകള്‍ എല്ലാ ആശുപത്രികളിലും ആവശ്യാനുസരണം ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലും എല്ലാ ബുധനാഴ്ചകളിലും ആരോഗ്യ അസംബ്ലികള്‍ സംഘടിപ്പിച്ച് പകര്‍ച്ചവ്യാധി ബോധവത്കരണവും പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതപ്പെടുത്തും.