നരേന്ദ്ര മോഡിയെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു

Posted on: May 20, 2014 1:33 pm | Last updated: May 21, 2014 at 12:11 am
SHARE

modiforstorypage_350_122612035858ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച നരേന്ദ്ര മോഡിയെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോഡിയെ നേതാവായി തിരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിയാണ് മോഡിയുടെ പേര് നിര്‍ദേശിച്ചത്. മുരളി മനോഹര്‍ ജോഷിയും വെങ്കയ്യ നായിഡുവും നിതിന്‍ ഗാഡ്കരിയും സുഷമാ സ്വരാജും പിന്താങ്ങി. ഇതോടെ മോഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് തുടക്കമായി.

ഉച്ചക്ക് ശേഷം 3.15ന് നരേന്ദ്രമോഡി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് മോഡി അവകാശവാദം ഉന്നയിക്കും. തുടര്‍ന്ന് മോഡിയെ സര്‍ക്കാര്‍ രൂപവത്കരണത്തിനായി രാഷ്ട്രപതി ക്ഷണിക്കും. തുടര്‍ന്നാണ് സത്യപ്രതിജ്ഞ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുക.