ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രാജിവെച്ചു

Posted on: May 17, 2014 4:26 pm | Last updated: May 20, 2014 at 2:12 pm
SHARE

Nitish_Kumar_360x270പാറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രാജിവെച്ചു. ബീഹാറിലെ 40 സീറ്റുകളില്‍ ജനതാദള്‍ യുണൈറ്റഡിന് വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് ഇത്തവണ നേടാനായത്.

17 വര്‍ഷക്കാലം എന്‍ ഡി എയുടെ ഭാഗമായി നിന്ന നിതീഷ്‌കുമാര്‍ ഈ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടിയതോടെ സഖ്യം വിടുകയായിരുന്നു. സഖ്യം വിട്ട തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ബീഹാര്‍ നിയമസഭ പിരിച്ചുവിടാന്‍ നിതീഷ്‌കുമാര്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. കാലാവധി തീരാന്‍ ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് രാജി.

അതേസമയം, നിതീഷ്‌കുമാര്‍ രാജിവെച്ച സാഹചര്യത്തില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള സാധ്യത കുറവാണ്. ബി ജെ പിക്ക് തികച്ചും അനുകൂലമായ ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഒരു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനായിരിക്കും ബി ജെ പി ശ്രമിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.