ജയിച്ചെങ്കിലും ഞെട്ടല്‍ മാറാതെ സി പി എം

Posted on: May 17, 2014 11:25 am | Last updated: May 17, 2014 at 11:25 am

കാഞ്ഞങ്ങാട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പി കരുണാകരന്‍ ഹാട്രിക് വിജയം നേടിയെങ്കിലും സി പി എം കേന്ദ്രങ്ങളില്‍ ഞെട്ടല്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 67,427 എന്ന അഞ്ചക്ക നമ്പറിന്റെ ഭൂരിപക്ഷം നേടിയ പി കരുണാകരന്‍ ഇത്തവണ മൂന്നാം മത്സരത്തിനിറങ്ങിയപ്പോള്‍ 6921 ആയി കുറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഈറ്റില്ലവും പോറ്റില്ലവുമൊക്കെയായ കല്യാശേരി ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ ഉരുക്കു കോട്ടകള്‍ നിറഞ്ഞ കാസര്‍കോട് മണ്ഡലത്തില്‍ സി പി എം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ പി കരുണാകരന്‍ നാമമാത്രമായ ഭൂരിപക്ഷം നേടിയത് സംസ്ഥാനതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പ്.
സാധാരണ ഗതിയില്‍ രണ്ടുതവണ പൂര്‍ത്തിയാക്കിയവര്‍ക്ക് പാര്‍ട്ടി വീണ്ടും മത്സരിക്കാനുള്ള അവസരം നല്‍കാറില്ല. പി കരുണാകരന് ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക ചുറ്റുപാടില്‍ കേന്ദ്ര കമ്മിറ്റി മൂന്നാം ഊഴം നല്‍കുകയായിരുന്നു. ഇതാകട്ടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നേരിയ തോതിലെങ്കിലും അമര്‍ശമുണ്ടാക്കിയിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. കെ പി സി സി ജനറല്‍ സെക്രട്ടറി കൂടിയായ അഡ്വ. ടി സിദ്ദിഖിന്റെ സ്ഥാനാര്‍ഥിത്തം യു ഡി എഫ് കേന്ദ്രങ്ങളിലുണ്ടാക്കിയ ആവേശം വിജയത്തോട് അടുപ്പിക്കുകയും ചെയ്തു. ന്യൂജനറേഷന്‍ വോട്ടുകള്‍ മുഴുക്കെ പെട്ടിയിലാക്കാനും സിദ്ദിഖിന് കഴിഞ്ഞു.
ഒരു ലക്ഷത്തിന്റെ മൃഗീയ ഭൂരിപക്ഷം പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ പി കരുണാകരന്‍ ഒടുവില്‍ കഷ്ടിച്ചാണ് മണ്ഡലം നിലനിര്‍ത്തിയത്. ഭൂരിപക്ഷത്തിലുണ്ടായ വന്‍ ഇടിവ് വരും നാളുകളില്‍ സി പി എം കേന്ദ്രങ്ങളെ പിടിച്ചുലക്കുമെന്നുറപ്പ്. പി കരുണാകരന്‍ 3,84,950 വോട്ടും സിദ്ദിഖ് 3,77,964 വോട്ടും കെ സുരേന്ദ്രന്‍ 1,72,823 വോട്ടും നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ അരലക്ഷത്തിലേറെ വോട്ടുകളാണ് കെ സുരേന്ദ്രന്‍ കൂടുതലായി നേടിയത്.