തെരുവ് വീഥികള്‍ കീഴടക്കി സുന്നി ബാല സംഘം വര്‍ണയാത്ര

Posted on: May 17, 2014 11:09 am | Last updated: May 17, 2014 at 11:09 am

വേങ്ങര: ഗ്രാമ തെരുവുകളും നഗര വീഥികളും പുത്തന്‍ ആഘോഷ നിറവേകി സുന്നി ബാല സംഘം സൈക്കില്‍ വര്‍ണയാത്ര നടക്കുന്നു. നന്മയുടെ മഴവില്‍ വര്‍ണങ്ങളാവുക എന്ന പ്രമേയത്തില്‍ ഈമാസം 22ന് കൂരിയാട് നടക്കുന്ന ഖൈമ സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് വിളംബരം നടക്കുന്നത്. അറിവും വിനോദവും സമന്വയിപിച്ച് വിദ്യാര്‍ഥിത്വം സാമൂഹിക നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ഒരു ജനതയുടെ സൃഷ്ടിപ്പാണ് സുന്നി ബാല സംഘത്തിലൂടെ ലക്ഷ്യമാക്കുന്നത്. കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ വ്യവസ്ഥാപിതമായ പദ്ധതികളുടെ നടത്തിപ്പിന്റെ ഭാഗമായിട്ടാണ് ഖൈമ സമ്മേളനം നടക്കുന്നത്. ജില്ലയിലെ 1300 സുന്നി ബാല സംഘം യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വര്‍ണ യാത്ര കടന്ന്‌പോവുന്ന വഴിയോരങ്ങളില്‍ സ്വീകരണങ്ങളും മധുര പാനിയ വിതരണവും നടക്കുന്നുണ്ട്. ഖൈമ സമ്മേളനത്തിന്റെ പ്രയാണത്തിന്റെ ഭാഗമായി യൂണിറ്റുകളില്‍ ജാലകം പരിശീലന കളരി, ഖൈമ സമ്മേളനത്തിന്റെ ചിത്ര രചനാ മത്സരം, കുട്ടിഖൈമകള്‍, നന്മയുടെ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നന്മമരം എന്നിവ നടന്നുവരുന്നു. വര്‍ണയാത്ര വരും ദിവസങ്ങളില്‍ സെക്ടര്‍ സുന്നി ബാല സംഘത്തിന്റെ നേതൃത്വത്തില്‍ സെക്ടറിലെ പ്രധാന റോഡുകളിലൂടെ കടന്നുപോകുന്ന രീതിയില്‍ നടക്കും.