കോഴിക്കോട് വ്യക്തി പ്രഭാവത്തിന്റെ മികവുമായി വീണ്ടും എം കെ രാഘവന്‍

Posted on: May 17, 2014 9:55 am | Last updated: May 17, 2014 at 8:55 am

MK RAGHAVANകോഴിക്കോട്: മലബാറിന്റെ രാഷ്ട്രീയ തലസ്ഥാനമായ കോഴിക്കോട്ട് വ്യക്തിപ്രഭാവത്തിന്റെ മികവുമായി വീണ്ടും എം കെ രാഘവന്‍ . സംസ്ഥാനത്ത് കാസര്‍കോട് കഴിഞ്ഞാല്‍ സി പി എം ഉറച്ച സീറ്റായി കരുതുന്ന കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവന്‍ സമാനതകളില്ലാത്ത തകര്‍പ്പന്‍ ജയമാണ് കരസ്ഥമാക്കിയത്. വികസന നായകന്‍ എന്ന ഇമേജുമായി രണ്ടാമതും കളത്തിലിറങ്ങിയ എം കെ രാഘവന് മുമ്പില്‍ സി പി എം കേന്ദ്രകമ്മിറ്റി അംഗമായ എ വിജയരാഘവന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തവണ 838 എന്ന കഷ്ടി വോട്ടിനാണ് ജയിച്ചതെങ്കില്‍ ഇത്തവണ 16883 വോട്ടിന്റെ ലീഡുമായാണ് രാഘവന്‍ പാര്‍ലിമെന്റിലേക്ക് പോകുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും വിജയരാഘവന് ഒപ്പമെത്താന്‍ കഴിഞ്ഞില്ല. രാഷ്ട്രീയത്തിലുപരി കഴിഞ്ഞ അഞ്ച് വര്‍ഷമായി എം കെ രാഘവന്‍ മണ്ഡലത്തിലുണ്ടാക്കിയ സ്വീകാര്യത ഏറെ വലുതായിരുന്നു. ഇത് തന്നെയാണ് മറ്റേത് കാരണത്തേക്കാളും അദ്ദേഹത്തിന്റെ വിജയത്തിന് കരുത്തേകിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ആഴ്ചകള്‍ക്ക് മുമ്പേ പ്രവര്‍ത്തകരും നേതാക്കളും രാഘവന്റെ പേര് മാത്രമായിരുന്നു സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് പറഞ്ഞത്. പൊതുവെ ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസിന് നിരവധി പേരുകള്‍ വരുന്നിടത്തായിരുന്നു ഇത്. രണ്ട് പ്രമുഖ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ കേരളത്തിലെ മികച്ച എം പിമാരെന്ന് വിലയിരുത്തിയ നാല് പേരില്‍ ഒന്ന് എം കെ രാഘവനായിരുന്നു.

ലോക്‌സഭാ മണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണയിച്ചപ്പോള്‍ എല്‍ ഡി എഫിന് മുന്‍തൂക്കമുണ്ടെന്ന വിലയിരുത്തലിനെ എം കെ രാഘവന്‍ പ്രവര്‍ത്തന നേട്ടംകൊണ്ടാണ് നിഷ്പ്രഭമാക്കിയത്. നിയമസഭാ മണ്ഡലങ്ങളില്‍ ഏഴില്‍ അഞ്ചിലും എല്‍ ഡി എഫിന് ഭൂരിപക്ഷമുള്ള മണ്ഡലമാണ് കോഴിക്കോട്. എന്നാല്‍ ഇത്തവണ കൊടുവള്ളിയില്‍ 16599 വോട്ടും കോഴിക്കോട് സൗത്തില്‍ 5216 വോട്ടും നോര്‍ത്തില്‍ 1519 വോട്ടും സി പി എം ശക്തി കേന്ദ്രമായ ബാലുശ്ശേരി 669 വോട്ടും എം കെ രാഘവന്‍ ലീഡ് നല്‍കി. എലത്തൂരില്‍ മാത്രമാണ് എല്‍ ഡി എഫിന് 5449 എന്ന വ്യക്തമായ ലീഡ് ലഭിച്ചത്. വലിയ ലീഡ് പ്രതീക്ഷിച്ച ബേപ്പൂരില്‍ 1768ഉം കുന്ദമംഗലത്ത് 220 വോട്ടിന്റെയും ലീഡാണ് എല്‍ ഡി എഫിന് ലഭിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണയും വലിയ തോതില്‍ നേടാന്‍ എം കെ രാഘവന് കഴിഞ്ഞു.