Connect with us

Kozhikode

മുല്ലപ്പള്ളിയുടെ വിജയത്തില്‍ ഞെട്ടലോടെ ഇടതുകേന്ദ്രങ്ങള്‍

Published

|

Last Updated

വടകര: പാര്‍ലിമെന്റ് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ നേടിയ വിജയം ഇടതുകേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി. ഇടതുമുന്നണി സ്ഥാനാര്‍ഥിയായ അഡ്വ. എ എന്‍ ഷംസീര്‍ പതിനായിരത്തിലധികം വോട്ടിന് ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ ഡി എഫ് കേന്ദ്രങ്ങള്‍.
വിജയം ആഘോഷിക്കുന്നതിനായി പലയിടങ്ങളിലും അലങ്കരിച്ച വാഹനങ്ങളും ഒരുക്കിയിരുന്നു. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വടകരയില്‍ നടന്നത്. വോട്ടെണ്ണല്‍ അവസാനിക്കുന്നത് വരെ ആര് ജയിക്കുമെന്ന സൂചനപോലും പറയാനാകാതയാണ് ജനം കാത്തിരുന്നത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഇടതുസ്ഥാനാര്‍ഥി ഷംസീര്‍ ഒമ്പതിനായിരത്തില്‍പ്പരം വോട്ടിന്റെ ലീഡ് നിലനിര്‍ത്തിയെങ്കിലും പിന്നീട് ലീഡ് മാറിമറിയുന്ന അവസ്ഥയാണുണ്ടായത്.
2009ല്‍ നേടിയ ചരിത്ര വിജയം ആവര്‍ത്തിക്കാമെന്നായിരുന്നു യു ഡി എഫ് കേന്ദ്രത്തിന്റെ നിരീക്ഷണം. 56,186 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മുല്ലപ്പള്ളി വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിജയം ആവര്‍ത്തിക്കാതെ പോയതും യു ഡി എഫ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മുസ്‌ലിംലീഗ് കേന്ദ്രമായ നാദാപുരത്ത് മുല്ലപ്പള്ളിക്ക് വോട്ട് കുറഞ്ഞതും യു ഡി എഫില്‍ ചര്‍ച്ചയായിട്ടുണ്ട്.
വടകരയില്‍ രണ്ടാം അങ്കത്തിന് ഇറങ്ങിയ മുല്ലപ്പള്ളി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനവും ടി പി ചന്ദ്രശേഖരന്‍ വധവുമെല്ലാം പ്രധാന പ്രചാണ വിഷയമായിരുന്നെങ്കിലും ഇതൊന്നു തന്നെ വടകരയിലെ ജനം ഉള്‍ക്കൊണ്ടിട്ടില്ല.
ആര്‍ എം പിയുടെ വോട്ടുകള്‍ മുല്ലപ്പള്ളി 3,306 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുഖ്യപങ്കാണ് വഹിക്കുന്നത്. 2009 ലെ തിരഞ്ഞെടുപ്പില്‍ ആര്‍ എം പി സ്ഥാനാര്‍ഥിയായിരുന്ന ടി പി ചന്ദ്രശേഖരന് 21,656 വോട്ടും ലഭിച്ചിരുന്നു.
ആര്‍ എം പി സ്ഥാനാര്‍ഥിയായ അഡ്വ. പി കുമാരന്‍ കുട്ടിക്ക് 17,229 വോട്ടാണ് ഇപ്പോള്‍ ലഭിച്ചത്. ഇടതു സ്ഥാനാര്‍ഥി വിജയിക്കരുതെന്ന ഉദ്ദേശത്തോടെ മുല്ലപ്പള്ളിക്ക് വോട്ടുകള്‍ നല്‍കിയതാണ് യു ഡി എഫിന് തുണയായത്.
ഇതിന് പുറമെ കക്ഷി രാഷ്ട്രീയത്തിന് അതീതമുള്ള മുല്ലപ്പള്ളിയുടെ ബന്ധവും വിജത്തിന് സഹായകമായി.

Latest