Connect with us

Ongoing News

വി എം സുധീരന്റെ വരവ് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു: ബാലകൃഷ്ണ പിള്ള

Published

|

Last Updated

കൊട്ടാരക്കര: കെ പി സി സി പ്രസിഡന്റായി വി എം സുധീരനെത്തിയത് തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്തുവെന്ന് കേരളാ കോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. കൊട്ടാരക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബാറുകള്‍ പൂട്ടിയ സംഭവം തിരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയായിരുന്നുവെങ്കില്‍ യു ഡി എഫിന് കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു. കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തിലെത്തുന്നത് അപകടകരമായ സ്ഥിതിയുണ്ടാക്കും. ജനാധിപത്യമല്ല, മറിച്ച് ഗുജറാത്ത് മോഡല്‍ ഏകാധിപത്യമാണ് മോദിയുടെ ഭരണം സൃഷ്ടിക്കുക. അതേസമയം ഇടത് പാര്‍ട്ടികളുടെ ദേശീയ പദവിയും നഷ്ടപ്പെടുമെന്നും പിളള കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന്റെ ഭാഷയിലുളള ഒരു പരനാറിയോടാണ് എം എ ബേബി കൊല്ലത്ത് പരാജയപ്പെട്ടതെന്ന് പിള്ള പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ പോലും താഴേക്ക് പോയ ബേബി രാജിവെക്കണമെന്ന് താന്‍ പറയില്ല. എന്നാല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ ഇത് പരിശോധിക്കണം. കൊടിക്കുന്നിലിന് ലഭിച്ചത് കേരളത്തിലെ സ്റ്റാന്റേഡ് ഭൂരിപക്ഷമാണ്. എന്നാല്‍ ഇന്നസെന്റിന്റെ വിജയം പ്രതീക്ഷിച്ചതല്ല. ചാലക്കുടിയില്‍ ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വത്തെ പി സി ചാക്കോയും യു ഡി എഫ് നേതാക്കളും ഗൗരവമായി എടുത്തിരുന്നില്ല. ഇന്നസെന്റ് നല്ല നടനാണ്. എം പിയായി ശോഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ബാലകൃഷ്ണ പിള്ള കൂട്ടിച്ചേര്‍ത്തു.