കൊടിക്കുന്നില്‍ സുരേഷിന്റെ വിജയം ചെങ്ങറയോടുള്ള മധുര പ്രതികാരം

Posted on: May 17, 2014 8:25 am | Last updated: May 17, 2014 at 8:25 am

kodikkunnilആലപ്പുഴ: മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ വിജയം ചെങ്ങറയോടുള്ള മധുരപ്രതികാരം കൂടിയാണ്. രണ്ട് തവണ തന്നെ പരാജയപ്പെടുത്തിയ ചെങ്ങറയെ തന്നെ തനിക്കെതിരായി ഇക്കുറി രംഗത്തിറക്കിയ ഇടതുമുന്നണിയെ ഏത് വിധേനയും ചെറുക്കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു തുടക്കം മുതലേ കൊടിക്കുന്നില്‍. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കര സംവരണ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആകാംക്ഷയായിരുന്നു. ഇതിന് കാരണം എ ഐ സി സി ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രഹസ്യ സര്‍വേ റിപ്പോര്‍ട്ടായിരുന്നു. കേരളത്തില്‍ ആറ് സിറ്റിംഗ് എം പി മാര്‍ തോല്‍ക്കുമെന്ന് കണ്ടെത്തിയ സര്‍വേയില്‍ മാവേലിക്കരയിലെ കൊടിക്കുന്നിലും ഉള്‍പ്പെട്ടിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിനിമാനടി ശാലു മേനോനുമായുള്ള ബന്ധം കൊടിക്കുന്നിലിനുണ്ടാക്കിയ അപഖ്യാതി തിരഞ്ഞെടുപ്പിലും അതിന് മുമ്പും ഏറെ ചര്‍ച്ചയായെങ്കിലും അതിനൊന്നും മണ്ഡലത്തിലെ വോട്ടര്‍മാരെ കൊടിക്കുന്നിലിനെതിരായി ചിന്തിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് വേണം കരുതാന്‍.

.കുട്ടനാട് പാക്കേജ്, ഇ എസ് ഐ മെഡിക്കല്‍ കോളജ്, ഇന്തോ ടിബറ്റന്‍ സൈനിക കേന്ദ്രം, പുനലൂര്‍- ഗുരുവായൂര്‍ റെയിന്‍, പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത് തുടങ്ങിയ വോട്ടര്‍മാരെ ഏറെ സ്വാധീനിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൊടിക്കുന്നില്‍ നേതൃത്വം നല്‍കിയതിലുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. പൊതുവേ യു ഡി എഫ് ആഭിമുഖ്യമുള്ള മണ്ഡലത്തിലെ ഇടതിനൊപ്പമായിരുന്ന കുന്നത്തൂര്‍ നിയമസഭാ മണ്ഡലം ആര്‍ എസ് പിയുടെ മുന്നണി മാറ്റത്തോടെ യു ഡി എഫിലെത്തിയത് കൊടിക്കുന്നിലിന്റെ വിജയ സാധ്യതക്ക് കരുത്തായി. എന്നിട്ടും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിര്‍ത്താനാകാതിരുന്നത് എതിരാളിയുടെ ശക്തി തന്നെയെന്ന് അനുമാനിക്കാം. യു ഡി എഫിനൊപ്പമെത്തിയ ആര്‍ എസ് പിയില്‍ നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് കൊടിക്കുന്നിലിനെതിരെ രംഗത്തിറക്കിയ ഇടതുമുന്നണിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയ യു ഡി എഫ് ഇടത് സ്ഥാനാര്‍ഥി ചെങ്ങറയുടെ സഹോദരനെ തന്നെ കൊടിക്കുന്നിലിന്റെ പ്രചാരണത്തിനിറക്കി പ്രതികാരം തീര്‍ത്തു. ഒടുവില്‍ വിജയം കൈവരിക്കാനായത് കൊടിക്കുന്നിലിന് ചെങ്ങറയോടുള്ള മധുര പ്രതികാരവും.