Connect with us

Alappuzha

അടിയൊഴുക്കില്‍ അടിപതറാതെ ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍

Published

|

Last Updated

ആലപ്പുഴ: അടിയൊഴുക്കുകളെയും സാമുദായിക സമവാക്യങ്ങളെയും അതിജയിച്ച് വിപ്ലവ മണ്ണില്‍ അടിവേരുറപ്പിച്ച കെ സി വേണുഗോപാലിന് ഇത് മിന്നും വിജയം. സ്വന്തം പാര്‍ട്ടിക്കുള്ളിലെയും ജില്ലയില്‍ ശക്തമായ സ്വാധീനമുള്ള പ്രമുഖ സമുദായ സംഘടനയുടെയും എതിര്‍പ്പുകളും അടിയൊഴുക്കുകളും അതിജയിച്ചാണ് രണ്ടാം തവണയും കെ സി ആലപ്പുഴയുടെ ഹൃദയം കവര്‍ന്നത്. വിപ്ലവ മണ്ണുമായുള്ള രണ്ട് പതിറ്റാണ്ടത്തെ ആഴത്തിലുള്ള ബന്ധം ആരു വിചാരിച്ചാലും അറുത്തുമാറ്റാനാകില്ലെന്ന പ്രഖ്യാപനം കൂടിയായി കെ സിയുടെ വിജയം. ഭൂരിപക്ഷം നന്നേ കുറഞ്ഞെങ്കിലും കരുത്തരായ കോണ്‍ഗ്രസ് നേതാക്കള്‍ പോലും മുഖം കുത്തിവീണപ്പോള്‍ പിടിച്ചുനില്‍ക്കാനായത് തന്നെ കെ സിക്ക് ആത്മധൈര്യം പകരുന്നതായിത്തീര്‍ന്നു.

സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടി ആദ്യ കടമ്പ കടന്ന കെ സിക്ക് പ്രചാരണ രംഗത്തെത്തിയതോടെ സോളാര്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ വിയര്‍ക്കേണ്ടി വന്നിരുന്നു. തന്നെ കെ സി വേണുഗോപാലുമായി ബന്ധപ്പെടുത്തി അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ രംഗത്ത് വന്നത് പ്രചാരണ രംഗത്ത് ക്ഷീണമുണ്ടാക്കി. സരിത രംഗത്ത് വന്ന ഈ ദിവസം പൂര്‍ണ വിശ്രമത്തിലായിരുന്നു കെ സി. എല്ലാ പ്രതിബന്ധങ്ങളെയും അതിജയിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട കെ സി വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരായി പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് എ ഐ സി സി നേതാവടക്കമുള്ളവര്‍ക്കെതിരെ രംഗത്തെത്തിയത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കി. തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത കെ പി സി സി യോഗത്തില്‍ സരിത വിഷയത്തില്‍ കെ സിയെ കുറ്റവിമുക്തനാക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന ഷാനിമോളുടെ ആവശ്യവും ഇതിന് കെ സിയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും നല്‍കിയ മറുപടിയും ഇതിനെതിരെ ഷാനിമോള്‍ കെ പി സി സി പ്രസിഡന്റിനയച്ച കത്തുമെല്ലാം വോട്ടെണ്ണലിന്റെ ഇടവേളകളെ കോലാഹലമാക്കി. അപ്പോഴെല്ലാം ജനങ്ങള്‍ തനിക്കൊപ്പമാണെന്നും മെയ് പതിനാറിന് ശേഷം ഇത് വ്യക്തമാകുമെന്നുമുള്ള ഒറ്റ മറുപടിയായിരുന്നു കെ സിക്ക്. അത് ഏതായാലും ഫലിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയുള്ള എല്ലാ രംഗത്തും മത്സര രംഗത്തിറങ്ങുന്നവര്‍ പാര്‍ട്ടിയോ സമുദായമോ നോക്കാതെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി അനുഗ്രഹം ചോദിക്കുക പതിവാണ്. ഇതില്‍ നിന്ന് വ്യത്യസ്തനായ രണ്ട് പേരേ കോണ്‍ഗ്രസിലുള്ളൂ. വി എം സുധീരനും കെ സി വേണുഗോപാലും.
1991ല്‍ ആദ്യമായി ആലപ്പുഴയിലെത്തി നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച കെ സി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനാണെന്ന് കണ്ടാണ് നിയമസഭയിലെ ഹാട്രിക് വിജയത്തിന് പിന്നാലെ 2009ല്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ നിയോഗിച്ചത്. തൊട്ടുപിന്നാലെ തന്റെ പകരക്കാരനായി ഡി സി സി പ്രസിഡന്റ് ശുക്കൂറിനെ നിയമസഭയിലെത്തിക്കുന്നതിലും കെ സി നിര്‍ണായക പങ്ക് വഹിച്ചു.