ജമാഅത്തുകാരുടെ രാഷ്ട്രീയ മോഹങ്ങള്‍ പൂവണിഞ്ഞില്ല

Posted on: May 17, 2014 12:28 am | Last updated: May 17, 2014 at 12:32 am

കോഴിക്കോട്: ജനകീയ മുന്നണി, വികസന മുന്നണി, അവസാനം വെല്‍ഫയര്‍ പാര്‍ട്ടി… ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മോഹങ്ങല്‍ എട്ടുനിലയില്‍ പൊട്ടി. സംസ്ഥാനത്ത് മത്സരിച്ച വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടു.

മലപ്പുറം, വയനാട്, ചാലക്കുടി, എറണാംകുളം മണ്ഡലങ്ങളില്‍ മത്സരിച്ച വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് മാത്രമാണ് പതിനായിരം വോട്ടിന് മുകളില്‍ നേടാനായത്. വലിയ സാധ്യത കല്‍പ്പിക്കപ്പെട്ട ‘ഗ്യാസ് സിലിന്‍ഡര്‍ സ്ഥാനാര്‍ഥികള്‍’ പോലും പ്രതീക്ഷ നല്‍കിയില്ല. പത്രവും ചാനലും ഉപയോഗിച്ച് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമാനമായി കെട്ടിയവതരിപ്പിച്ച സ്ഥാനാര്‍ഥികളാണ് ദയനീയമായി പരാചയപ്പെട്ടത്.
നേരത്തെ, തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ജനകീയ മുന്നണിയായും വികസന മുന്നണിയായും നടത്തിയ പരീക്ഷണം വെല്‍ഫയര്‍ പാര്‍ട്ടിയിലൂടെ പേര് മാറ്റി അവതരിപ്പിക്കുകയായിരുന്നു ജമാഅത്തെ ഇസ്‌ലാമി. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ രാഷ്ട്രീയ കേരളം എഴുതിത്തള്ളിയ വെല്‍ഫയര്‍ പാര്‍ട്ടി പൊതുജനം തിരിച്ചടി നല്‍കിയതോടെ നിലനില്‍പ്പ് ഭീഷണിയിലുമായി. തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് ശ്രമം നടത്തിയിരിന്നെങ്കിലും സഖ്യകക്ഷിയാക്കാന്‍ ആരും തയ്യാറായില്ല.
ആര്‍ എം പി – സി പി എം എല്‍ മുന്നണിയില്‍ അവസാനം വരെ ഘടകകക്ഷിയാവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവസാനം കോഴിക്കോട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ആര്‍ എം പി സ്ഥാനാര്‍ഥികള്‍ക്കും പൊന്നാനിയില്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥിക്കും പിന്തുണ നല്‍കി മറ്റിടങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ കണ്ടെത്തുകയായിരുന്നു.
നേരത്തെ സ്ഥാനാര്‍ഥിയുടെ മൂല്യം നോക്കിയും പാര്‍ട്ടികളുടെ മൂല്യനിര്‍ണയം നടത്തിയും നിലപാട് പ്രഖ്യാപിച്ചിരുന്ന ജമാഅത്തുകാര്‍ അവസാനം സ്വന്തം സ്ഥാനാര്‍ഥികളില്‍ത്തന്നെ മൂല്യം കണ്ടെത്തുകയായിരുന്നു.