സുധാകരനെ കൈവിട്ടത് മലയോരവും പരമ്പരാഗത വോട്ടര്‍മാരും

Posted on: May 17, 2014 12:23 am | Last updated: May 17, 2014 at 12:23 am

sudhakaranകണ്ണൂര്‍: കനത്ത പോരാട്ടത്തിനൊടുവില്‍ കണ്ണൂരില്‍ കെ സുധാകരന് കാലിടറിയതിന് പിന്നില്‍ മലയോര ജനതയുടെ പ്രതിഷേധവും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ അട്ടിമറി വിജയം നേടിയത് 43,151 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. തൊട്ട് മുമ്പത്തെ തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥി എ പി അബ്ദുല്ലക്കുട്ടി 85,849 വോട്ടിന് ജയിച്ച സ്ഥാനത്താണ് കണ്ണൂരിന്റെ ചുവന്ന ചരിത്രം തിരുത്തിക്കുറിച്ച് കെ സുധാകരന്‍ ഉജ്ജ്വല വിജയം നേടിയത്. അന്ന് കെ സുധാകരന്‍ പറഞ്ഞത്, സി പി എം പ്രവര്‍ത്തകരില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും തനിക്ക് വോട്ട് ലഭിച്ചിട്ടുണ്ടെന്നായിരുന്നു.

എന്നാല്‍ അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ അന്ന് അനുകൂലമായിരുന്ന ഘടകങ്ങളെല്ലാം പ്രതികൂലമായെന്ന് മാത്രമല്ല പാര്‍ട്ടി കോട്ടകളില്‍ നിന്ന് പോലും തിരിച്ചടിയുണ്ടായി. കസ്തൂരി രംഗന്‍ വിഷയത്തിലുണ്ടാക്കിയ കോണ്‍ഗ്രസ് നിലപാട് മലയോര മേഖലയില്‍ തിരിച്ചടിയുണ്ടാക്കി. വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിലായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ പി കെ ശ്രീമതിക്ക് വ്യക്തമായ ലീഡ് നിലനിര്‍ത്താനായത്.
ഇടത് സ്വാധീനപ്രദേശങ്ങളായ ധര്‍മടം, പിണറായി, ചിറ്റാരിപ്പറമ്പ് പ്രദേശങ്ങളോടൊപ്പം കൊട്ടിയൂര്‍, കേളകം, പേരാവൂര്‍, കോളയാട് മേഖലകളിലെയും വോട്ട് എണ്ണിയത് അവസാന റൗണ്ടിലായിരുന്നു. യു ഡി എഫ് നല്ല ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നു ഈ മലയോര പഞ്ചായത്തുകളില്‍. എന്നാല്‍ കെ സുധാകരന് ഈ പഞ്ചായത്തുകളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. എക്കാലവും കോണ്‍ഗ്രസിന് അനുകൂലമായി നിന്ന വോട്ടുകളുടെ ചോര്‍ച്ച കെ സുധാകരനെ അടിയറവ് പറയിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സരിത എസ് നായര്‍ എ പി അബ്ദുല്ലക്കുട്ടി എം എല്‍ എക്കെതിരെ നടത്തിയ ആരോപണം പാര്‍ട്ടിക്കെതിരായ ജനവികാരമിളക്കിവിട്ടിരുന്നു. പ്രചാരണത്തില്‍ എ പി അബ്ദുല്ലക്കുട്ടിയെ രംഗത്തിറക്കാന്‍ തയ്യാറാകാത്തത് തിരിച്ചടി ഭയന്നായിരുന്നു. എന്നാല്‍ സരിതയുടെ ആരോപണം യു ഡി എഫിന് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച ബി ജെ പിയും എസ് ഡി പി ഐയും സ്വന്തം വോട്ടുകള്‍ കൃത്യമായി നേടിയതും അപരന്മാര്‍ എണ്ണായിരത്തോളം വോട്ടുകള്‍ നേടിയതുമൊക്കെ തിരിച്ചടിയായത് സുധാകരനാണ്. കെ സുധാകരന്റെ അപരന്മാരായി മത്സരിച്ച സുധാകരന്‍ ശ്രീസ്ഥ 2744 ഉം സുധാകരന്‍ കൊല്ലോന്‍ ഹൗസ് 4239 വോട്ടുകളും നേടി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിക്ക് ലഭിച്ച ഭൂരിപക്ഷം 6482 ആണ്. ‘നോട്ട’ക്കും ലഭിച്ചു കണ്ണൂരില്‍ 7026 വോട്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലോക്‌സഭാ അംഗമെന്ന നിലയില്‍ കെ സുധാകരന്‍ മണ്ഡലത്തിന് വേണ്ടി കാര്യമായതൊന്നും ചെയ്തില്ലെന്ന പരാതി ഇടതു മുന്നണിയില്‍ നിന്ന് മാത്രമല്ല, യു ഡി എഫില്‍ നിന്ന് പോലും ഉയരുകയുണ്ടായി. കണ്ണൂര്‍ നഗരസഭയില്‍ ഉള്‍പ്പെടെയുള്ള പല പദ്ധതികള്‍ക്കും അദ്ദേഹം തടസ്സമുണ്ടാക്കിയതായും ആരോപണമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിലെയും മുസ്‌ലിം ലീഗിലെയും ചെറിയ വിഭാഗം കെ സുധാകരന് പ്രതികൂലമായ നിലപാട് സ്വീകരിച്ചതായി നേരത്തേതന്നെ പരാതിയുണ്ടായിരുന്നു. അടിയൊഴുക്കുകള്‍ പാര്‍ട്ടിയെ സഹായിക്കുന്നവരില്‍ നിന്നു തന്നെ സംഭവിച്ചതെന്നാണ് ജില്ലാ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.