Connect with us

Kollam

ആര്‍ എസ് പിയുടേത് രാഷ്ട്രീയ ജയം

Published

|

Last Updated

കൊല്ലം: ആര്‍ എസ് പിയുടെ രാഷ്ട്രീയ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ നേടിയ വിജയം. സീറ്റ് നിര്‍ണയ കാര്യത്തില്‍ സി പി എം സ്വീകരിച്ച ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് ഇടത് കൂടാരം വിട്ടിറങ്ങിയ ആര്‍ എസ് പി, യു ഡി എഫ് പക്ഷത്തേക്ക് ചേക്കേറി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കൈക്കൊണ്ട തീരുമാനത്തെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തുവെന്നതിനുള്ള തെളിവാണ് പ്രേമചന്ദ്രന്റെ വിജയം.

സി പി എം പോളിറ്റ്ബ്യൂറോ അംഗവും കുണ്ടറ മണ്ഡലം എം എല്‍ എയുമായ എം എ ബേബിയെ തളക്കാന്‍ പ്രേമചന്ദ്രന് അത്രയൊന്നും വിയര്‍പ്പൊഴുക്കേണ്ടിവന്നില്ല. സ്വന്തം തട്ടകമായ കുണ്ടറയില്‍ പോലും ബേബിക്ക് കാര്യമായ ലീഡ് നേടാന്‍ കഴിഞ്ഞില്ല. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ഇവിടെ രണ്ടായിരം വോട്ടിന് പിറകിലായിരുന്നു ബേബി. യു ഡി എഫ് കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തുംവിധം 37,649 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന്‍ നേടിയത്. പ്രേമചന്ദ്രന്‍ 4,08,528 വോട്ടും എം എ ബേബി 370879 വോട്ടും നേടി. 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ പീതാംബരക്കുറുപ്പ് നേടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടിയാണ് പ്രേമചന്ദ്രന്റെത്. 17,531 വോട്ടുകള്‍ക്കാണ് അന്ന് പീതാംബരക്കുറുപ്പ് വിജയിച്ചത്.
34 വര്‍ഷത്തെ ഇടതു മുന്നണി ബന്ധം ഉപേക്ഷിച്ചാണ് ആര്‍ എസ് പി ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമായി മാറിയത്. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയെന്ന് കൊല്ലത്തെ വിശേഷിപ്പിച്ചാണ് ആര്‍ എസ് പി കൊല്ലം സീറ്റിന് വേണ്ടി സി പി എമ്മുമായി തുടക്കത്തില്‍ത്തന്നെ ഇടഞ്ഞത്. തിരഞ്ഞെടുപ്പിന് ആരവമുയരുന്നതിന് ആറ് മാസം മുമ്പെ കൊല്ലം സീറ്റ് തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് കാണിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസ് സി പി എം നേതൃത്വത്തിന് കത്ത് നല്‍കി. എന്നാല്‍ ഈ ആവശ്യം മുഖവിലക്കെടുക്കാതെ തള്ളി. സീറ്റ് സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നപ്പോഴും ആര്‍ എസ് പിയുടെ ആവശ്യത്തോട് മുഖം തിരിക്കുന്ന നയമായിരുന്നു സി പി എമ്മിന്. സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ കൊല്ലം സീറ്റ് ഏകപക്ഷീയമായി എം എ ബേബിക്ക് നല്‍കാനായിരുന്നു പാര്‍ട്ടി നേതൃത്വം നീക്കങ്ങള്‍ നടത്തിയത്.
സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ കൊല്ലത്ത് എം എ ബേബിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുന്നണിവിട്ട് സ്വന്തം നിലയില്‍ ഗോദയിലിറങ്ങുമ്പോള്‍ നേരിടേണ്ടി വരുന്നത് എം എ ബേബിയെയാണെങ്കില്‍പ്പോലും ചങ്കുറപ്പോടെ നിലകൊള്ളാനായിരുന്നു ആര്‍ എസ് പിയുടെ നീക്കം. എന്നാല്‍, യു ഡി എഫ് പിന്തുണയുറപ്പിച്ചതോടെ പ്രേമചന്ദ്രന്റെ മത്സരം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്‍ കെ പ്രേമചന്ദ്രനെതിരെ നടത്തിയ “പരനാറി” പ്രയോഗവും കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു മുന്നണിയുടെ വിജയ സാധ്യതക്ക് മങ്ങലേല്‍പ്പിച്ചു.
അതേസമയം, പ്രേമചന്ദ്രന് സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ ഒറ്റപ്പെട്ട അസ്വാര സ്യങ്ങള്‍ പ്രേമചന്ദ്രന്റെ വിജയത്തെ ബാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. കൊല്ലം സീറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ പങ്കെടുപ്പിച്ച് കൊല്ലത്ത് ഐ എന്‍ ടി യു സി റാലി നടത്താന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ തയ്യാറായത്. ഇതിനിടയില്‍, സിറ്റിംഗ് എം പി എന്‍ പീതാംബരക്കുറുപ്പിനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ആവശ്യം മുന്നോട്ടുവെച്ചു. ഇതൊന്നും പ്രേമചന്ദ്രന്റെ വിജയത്തെ ബാധിച്ചില്ല.